വാട്ടർ മെട്രോ മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ്ടൺ ഐലൻഡിലേക്കും; ടെർമിനൽ ഉദ്ഘാടനം 11ന്

കൊച്ചിയുടെ ഗതാഗത സംവിധാനത്തിന് പുതുമാതൃക സൃഷ്ടിച്ച കൊച്ചി വാട്ടർമെട്രോ ഇനി മട്ടാഞ്ചേരിയിലേക്കും വെല്ലിംഗ് ടൺ ഐലൻഡിലേക്കും. ഇവിടങ്ങളിലെ വാട്ടർ മെട്രോ ടെർമിനലുകൾ 11 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.38 കോടി രൂപ ചിലവിലാണ് രണ്ട് ടെർമിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടർ മെട്രോ ടെർമിനലുകളുടെ എണ്ണം 12 ആയി.

8,000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെർമിനൽ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെർമിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീർണമുള്ള വില്ലിംഗ്ടൺ ഐലൻഡ് ടെർമിനൽ.പൈതൃക സമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായി രണ്ട് ടെർമിനലുകളും പൂർണമായും വെള്ളത്തിലാണ് നിർമിച്ചിരിക്കുന്നത്.

മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മേയർ അഡ്വ.എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റ്റി. പത്മകുമാരിതുടങ്ങിയവർ സംസാരിക്കും.

08-Oct-2025