വയനാട് ദുരന്തം; കേന്ദ്രസർക്കാരിൻ്റെ ഹൈക്കോടതിയിലെ നിലപാടിനെതിരെ പ്രിയങ്ക ഗാന്ധി

വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിൻ്റെ ഹൈക്കോടതിയിലെ നിലപാടിനെതിരെ കോൺഗ്രസ് നേതാവും എം.പി.യുമായ പ്രിയങ്ക ഗാന്ധി രൂക്ഷവിമർശനം ഉന്നയിച്ചു. വലിയ കോർപ്പറേറ്റുകളുടെ വായ്പകൾ യാതൊരു മടിയുമില്ലാതെ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ, പ്രകൃതിദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സാധാരണക്കാരുടെ ചെറിയ വായ്പകൾ എഴുതിത്തള്ളാൻ വിസമ്മതിക്കുന്നത് വിവേചനപരവും അസ്വസ്ഥജനകവുമാണ് എന്നാണ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തിയത്.

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രത്തിന് കഴിയില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി ‘എക്സി’ലൂടെ (പഴയ ട്വിറ്റർ) വ്യക്തമാക്കി. ദുരിതബാധിതരുടെ വായ്പകൾ, അവർ യാതൊരു കുറ്റവും കൂടാതെ സഹിച്ച സങ്കൽപ്പിക്കാനാവാത്ത വേദനയുടെ പ്രതിഫലനമാണ്. താരതമ്യം ചെയ്യുമ്പോൾ, ഈ വായ്പാ തുക വളരെ ചെറിയ ഒരംശം മാത്രമാണ് എന്നും അവർ ചൂണ്ടിക്കാട്ടി.

“ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ളപ്പോൾ കേന്ദ്രസർക്കാർ അവരെ കൈവിട്ടു” എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് താൻ പൂർണ്ണമായും യോജിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.

വായ്പ എഴുതിത്തള്ളുന്ന വിഷയം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇതിനെതിരെ കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. കേന്ദ്രത്തിൻ്റെ നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

09-Oct-2025