സംസ്ഥാനത്തെ ദേശീയ പാതയുടെ പൂർത്തീകരിച്ച ഭാഗങ്ങള്‍ ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ച വളരെ പോസ്റ്റീവായിരുന്നുവെന്നും NH 66 കേരളത്തിൽ 450 കിലോമീറ്റർ പൂർത്തിയായെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘‘16 റീച്ചിൽ 450 കിലോമീറ്ററിലേറെ ഇതുവരെ പൂർത്തിയായിട്ടുണ്ട്. സാധിക്കുമെങ്കിൽ ജനുവരിയോടെ മുഴുവൻ തീർക്കണമെന്ന് ഗഡ്കരി എൻഎച്ച്എഐയോട് നിർദേശിച്ചു. നടക്കില്ലെന്നു 2014ൽ പറഞ്ഞിടത്താണ് ഇപ്പോൾ ദേശീയപാത പൂർത്തിയാകുന്നത്.
തൊഴിലാളികളുടെ എണ്ണം പലയിടത്തും കുറവായിരുന്നു. ഇതൊക്കെ ഇപ്പോൾ വർധിപ്പിച്ച് മൂന്നിരട്ടിയാക്കിയിട്ടുണ്ട്. കരാറുകാരുടെ അനാസ്ഥ കാരണമാണ് തീരുമാനം വൈകിയത്. കാസർകോട് – തളിപ്പറമ്പ്, അഴിയൂർ – വെങ്ങളം, വടകര, തിരുവനന്തപുരം തുടങ്ങിയ റീച്ചുകളിലെല്ലാം പ്രശ്നങ്ങളുണ്ട്.
പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ ഉദ്ഘാടനവും ജനുവരിയിൽ നടക്കും. ഇതോടെ നിലവിൽ 4-5 മണിക്കൂറെടുക്കുന്ന യാത്ര ഒന്നര മണിക്കൂറായി ചുരുങ്ങും. ദേശീയപാത വരുമ്പോൾ കോഴിക്കോട് ഒരു സ്ട്രെച്ചിൽ സംസ്ഥാന പാത മുറിഞ്ഞുപോകുന്നുണ്ട്. അതിനു പരിഹാരം കാണാനായി എലവേറ്റഡ് പാത പണിയാനും ഗഡ്കരി നിർദേശം നൽകിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.