ബിഹാറില്‍ വൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി തേജസ്വി യാദവ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറില്‍ വമ്പര്‍ വാഗ്ദാനങ്ങളുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാനത്തെ ഓരോ വീട്ടിലും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്നാണ് തേജസ്വി യാദവിന്റെ വാഗ്ദാനം.

സര്‍ക്കാര്‍ രൂപീകരിച്ച് ഇരുപത് ദിവസത്തിനകം തൊഴില്‍ ഉറപ്പാക്കുന്നതിനായി നിയമമുണ്ടാക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ആര്‍ജെഡി അധികാരമേറ്റ് 20 മാസത്തിനുളളില്‍ സംസ്ഥാനമൊട്ടാകെ പദ്ധതി പൂര്‍ണമായും നടപ്പാക്കുമെന്നും ഒരു വീട്ടിലും സര്‍ക്കാര്‍ ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

'ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ജോലി ആവശ്യമുളള കുടുംബങ്ങളുടെ പട്ടിക തന്നെ ഞങ്ങളുടെ കൈവശമുണ്ട്. സാധ്യമാകുന്ന പ്രഖ്യാപനം മാത്രമേ ഞങ്ങള്‍ നടത്തുകയുളളു. വ്യാജ വാഗ്ദാനങ്ങളില്ല, ആരെയും വഞ്ചിക്കുന്നുമില്ല. വാഗ്ദാനം പാലിക്കുമെന്ന് പറയാന്‍ തെളിവ് നല്‍കേണ്ട കാര്യവുമില്ല.': തേജസ്വി യാദവ് പറഞ്ഞു.

09-Oct-2025