വിജയ്‌യുടെ കരൂർ സന്ദർശനം; ഡിജിപിക്ക് മുന്നിൽ അസാധാരണ ഉപാധികളുമായി ടിവികെ
അഡ്മിൻ
വിജയ്‌യുടെ കരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് മുന്നിൽ അസാധാരണ ഉപാധികളുമായി ടിവികെ രംഗത്ത്. തിരുച്ചിറപ്പള്ളി വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന വേദി വരെ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ നൽകണമെന്നും ടൂവീലറിൽ പോലും ആരും പിന്തുടരാൻ അനുവദിക്കരുതെന്നും ആണ് ടിവികെ വെച്ച ഉപാധികളിൽ വ്യക്തമാക്കുന്നത്.
അതേസമയം വിമാനത്താവളത്തിൽ സായുധ പൊലീസ് സംഘത്തെ നിയോഗിക്കണം, കരൂരിലെ വേദിക്ക് ചുറ്റും ഒരു കിലോമീറ്റർ സുരക്ഷ ഇടനാഴി രൂപീകരിക്കണം, മാധ്യമപ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തണം, ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾ, ടിവികെ നേതാക്കൾ, വിജയ്‌യുടെ സുരക്ഷാ ജീവനക്കാർ തുടങ്ങിയവർക്ക് മാത്രമായിരിക്കണം അകത്തേക്ക് പ്രവേശനം എന്നിവയും ഉപാധികളിൽ ഉൾപ്പെടുന്നു.
ടിവികെയുടെ അഭിഭാഷകനാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച കത്ത് നൽകിയത്. വൈ കാറ്റഗറി സുരക്ഷ ഉള്ളതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പകർപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ടിവികെയുടേത് വിചിത്രമായ ആവശ്യങ്ങളാണെന്നും സമാനമായ കത്ത് ഇതിനു മുൻപ് ആരും നൽകിയിട്ടില്ലെന്നും ആണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.