പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനം തുടരും. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ടോൾ നിരക്ക് കുറക്കുന്നതിൽ നിലപാടറിയിക്കാൻ കേന്ദ്രം സാവകാശം തേടിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ടോൾ വിലക്ക് നീട്ടിയിരുന്നു.

ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിന്മേലാണ് നടപടി.


ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു. അപകടങ്ങളും മണ്ണിടിച്ചിലും നടന്ന സാഹചര്യത്തിൽ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടറും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് അവഗണിച്ച് അപകടങ്ങൾക്ക് കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു എന്നാണ് എൻ എച്ച് എ ഐ കോടതിയിൽ വാദിച്ചത്.

10-Oct-2025