തമിഴ്നാട്ടിലെ തെരുവുകളിൽ നിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യും
അഡ്മിൻ
തമിഴ്നാട്ടിലെ പൊതു ഇടങ്ങൾ റോഡുകൾ, തെരുവുകൾ എന്നിവയുടെ പേരുകളിൽ നിന്നും ജാതിപ്പേരുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഊർജിതമാക്കി. നവംബർ 19-നകം ഇത്തരം എല്ലാ പേരുകളും മാറ്റി പുതിയവ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജില്ലാ ഭരണകൂടങ്ങൾക്ക് കർശന നിർദേശം നൽകി. ജാതിവിവേചനം ഒഴിവാക്കി, സംസ്ഥാനത്ത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡി.എം.കെ. സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
‘ആദി ദ്രാവിഡർ കോളനി’, ‘ഹരിജൻ കോളനി’, ‘പറയർ തെരുവ്’ തുടങ്ങിയ ജാതി സൂചകമായ പേരുകൾ ഒഴിവാക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു. അതേസമയം, കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ തുടങ്ങിയ മഹത് വ്യക്തികളുടെ പേരുകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും നിർദേശമുണ്ട്.
പേരുകൾ മാറ്റുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ പ്രാദേശിക ജനസമൂഹത്തിന്റെ വികാരങ്ങൾ മാനിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിലവിലുള്ള പേരുകൾ തന്നെ തുടരണമെന്ന് താത്പര്യമുണ്ടെങ്കിൽ അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.