മോദിയുടെ മൗനം പൊള്ളത്തരം; വനിതാ മാധ്യമപ്രവർത്തക വിലക്കിൽ രാഹുൽ ഗാന്ധി

ഇന്ത്യ സന്ദർശിച്ച താലിബാൻ വിദേശകാര്യ മന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം പൊള്ളത്തരമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. വിവേചനങ്ങൾക്കെതിരെ പ്രധാനമന്ത്രി പുലർത്തുന്ന മൗനം, ‘നാരീശക്തി’ മുദ്രാവാക്യങ്ങൾ എത്രമാത്രം പൊള്ളയാണ് എന്ന് തുറന്നുകാട്ടുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘രാജ്യത്ത് എല്ലായിടങ്ങളിലും തുല്യ പങ്കാളിത്തത്തിന് സ്ത്രീകൾക്ക് അവകാശമുണ്ട്. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ നിങ്ങൾ അനുവദിക്കുമ്പോൾ, രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ നിങ്ങൾ ദുർബലരാണ് എന്നാണ് സൂചിപ്പിക്കുന്നത്,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

സംഭവത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. ‘നമ്മുടെ രാജ്യത്ത് എങ്ങനെയാണ് സ്ത്രീകളെ അപമാനിക്കുന്നത് അനുവദിക്കാൻ കഴിഞ്ഞത്? സ്ത്രീകൾക്ക് അഭിമാനകരമായ രാജ്യമാണ് നമ്മുടേത്,” പ്രിയങ്ക ചോദിച്ചു.

ഇന്ത്യയിലെ അഫ്‌ഗാൻ എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ വനിതാ മാധ്യമപ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും നിരവധി വനിതാ മാധ്യമപ്രവർത്തകർ താലിബാൻ മന്ത്രിക്കെതിരായ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

11-Oct-2025