സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. ‘ഇതാണ് എൻ്റെ ജീവിതം’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
നേരത്തെ ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിൽ ഡിസി ബുക്സ് തൻ്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാൻ ശ്രമിച്ച പുസ്തകത്തെ ഇ.പി ജയരാജൻ തള്ളിക്കളഞ്ഞിരുന്നു. ഈ പുസ്തകത്തിൻ്റെ കവർ ചിത്രവും ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്തുവന്ന പിഡിഎഫ് പതിപ്പും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട്, പരാതിയുടെ അടിസ്ഥാനത്തിൽ ഡി.സി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. എഴുത്തുകാരൻ്റെ അനുമതിയില്ലാതെ തലക്കെട്ട് തയ്യാറാക്കുകയും പുസ്തകം പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്ത ഡി.സി ബുക്സിൻ്റെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനും അപമാനിക്കാനുമാണ് ഇങ്ങനെ ചെയ്തതെന്നും, ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉള്ളടക്കം പുറത്തുവിട്ടത് ശരിയാണോ എന്നും കോടതി ചോദിച്ചിരുന്നു.