അഫ്ഗാൻ- പാകിസ്ഥാൻ ബന്ധം കീഴ്മേൽ മറിയുന്നു

ഗാസയിൽ നിന്നും ദൂരെ, തെക്കൻ ഏഷ്യൻ മേഖലയിലെ മറ്റൊരു അതിർത്തി തർക്കം വീണ്ടും പുകയുകയാണ്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഒരു പതിറ്റാണ്ടിലേറെയായി കല്ലുകടിയായി തുടരുന്ന ഡ്യൂറണ്ട് രേഖ വീണ്ടും സംഘർഷഭരിതമായിരിക്കുന്നു. അഫ്ഗാനിസ്ഥാൻ ഇസ്ലാമിക് എമിറേറ്റ് (ഐഇഎ) സായുധ സേന രാത്രി വൈകി ഡ്യൂറണ്ട് രേഖയിലെ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പ്രതികാര ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാന്റെ പരമാധികാരം ആവർത്തിച്ച് ലംഘിക്കുന്നതിനും അടുത്തിടെ അഫ്ഗാൻ പ്രദേശത്ത് നടത്തിയ വ്യോമാക്രമണങ്ങൾക്കും മറുപടിയായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ രാജ്യം ശക്തമായി പ്രതികരിക്കുമെന്നും അഫ്ഗാൻ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഘർഷങ്ങളുടെ തുടക്കം ഒക്ടോബർ 9-10 തീയതികളിലാണ്. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) തലവൻ നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. മെഹ്സൂദ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു, പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഇതിനെത്തുടർന്ന്, അഫ്ഗാൻ താലിബാൻ സൈനികർ ഒക്ടോബർ 11 ന് ഡ്യൂറണ്ട് രേഖയിലെ പാക് സൈനിക പോസ്റ്റുകൾ ആക്രമിച്ചു . ഇത് രൂക്ഷമായ പോരാട്ടത്തിൽ കലാശിച്ചു. ഇരുവശത്തും ആളപായവും പോസ്റ്റ് പിടിച്ചെടുക്കലും സംബന്ധിച്ച് അവകാശവാദങ്ങൾ ഉയർന്നു. ഇരു രാജ്യങ്ങളും പരസ്പരം പരമാധികാരം ലംഘിച്ചുവെന്ന് ആരോപിച്ചു. സംഘർഷത്തെ തുടർന്ന് അതിർത്തി കടന്നുള്ള സ്ഥലങ്ങൾ അടച്ചുപൂട്ടുകയും ഇരു സർക്കാരുകളും തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

12-Oct-2025