ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി

സമാധാനത്തിലേക്ക് നീങ്ങുന്ന ഗാസയിൽ ബന്ദികളെ മോചിപ്പിച്ച് തുടങ്ങി. ടെൽ അവീവ് ഗാസയിൽ ഹമാസ് സംഘടന ബന്ദികളാക്കിയ ഇസ്രയേലി തടവുകാരെ മോചിപ്പിച്ചു തുടങ്ങി. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്. ആദ്യഘട്ടത്തിൽ 7 പേരെയാണ് വിട്ടയച്ചത്.

മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുന്നത്. ഖാൻ യൂനിസ്, നെറ്റ്‌സരീം എന്നിവടങ്ങിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്.


വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി മോചിപ്പിക്കപ്പെടുന്ന 20 ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ബാർ എബ്രഹാം കുപ്പർഷൈൻ, എവ്യാതർ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കൽഫോൺ, അവിനാറ്റൻ ഓർ, എൽക്കാന ബോബോട്ട്, മാക്‌സിം ഹെർക്കിൻ, നിമ്രോഡ് കോഹൻ, മതാൻ ആംഗ്രെസ്‌റ്റ്, മതാൻ സാൻഗൗക്കർ, ഈറ്റൻ ഹോൺ, ഈറ്റൻ എബ്രഹാം മോർ, ഗാലി ബെർമൻ, സിവ് ബെർമൻ, ഒമ്രി മിറാൻ, അലോൺ ഒഹെൽ, ഗൈ ഗിൽബോവ-ദലാൽ, റോം ബ്രാസ്ലാവ്സ്കി, ഏരിയൽ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് മോചിതരാകുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

13-Oct-2025