ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല.: മന്ത്രി വി ശിവൻകുട്ടി

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയതില്‍ സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

വിദ്യാര്‍ത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണമെന്നും ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥിനിക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസിക വിഷമങ്ങള്‍ പൂര്‍ണ്ണമായി പരിഹരിച്ച് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഒക്ടോബര്‍ 15 ന് സമര്‍പ്പിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും മാനേജര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി നാളെ മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിട്ടുണ്ട്.

14-Oct-2025