വീട്ടമ്മമാര്‍ക്ക് വീടിനടുത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: മന്ത്രി കെ എൻ ബാലഗോപാൽ
അഡ്മിൻ
തൊഴില്‍ലഭ്യമാക്കുന്നതിനൊപ്പം പ്രാദേശിക-സാമ്പത്തിക വികസനവും വിജ്ഞാനകേരളംപദ്ധതി സാധ്യമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കാനാകുമെന്നും വിജ്ഞാനകേരളം ജില്ലാതല കൗണ്‍സില്‍ രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.
വിജ്ഞാനകേരളം തൊഴില്‍മേളകള്‍ പരമ്പരാഗത തൊഴില്‍മേളകളില്‍ നിന്നു വ്യത്യസ്തമായി പലവിഭാഗത്തിലെ ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നു. നൈപുണ്യശേഷിയുള്ള യുവതയെ സൃഷ്ടിക്കുക, മികച്ച തൊഴില്‍ലഭ്യമാക്കുക എന്നിവയോടൊപ്പം വീട്ടമ്മമാര്‍ക്ക് വീടിനടുത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉദ്യോഗാര്‍ഥികള്‍ക്ക് വിദേശത്ത് ഉള്‍പ്പെടെ കൂടുതല്‍അവസരങ്ങള്‍ ഒരുക്കുക എന്നിവയും സാധ്യമാക്കുന്നു.
തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്ന നൈപുണ്യശേഷി തൊഴില്‍ അന്വേഷകര്‍ക്ക് നല്‍കാന്‍വേണ്ടുന്ന പരിശീലനപരിപാടികളും നടത്തിവരുന്നു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലങ്ങളിലെ ജോബ് സ്റ്റേഷന്‍ പ്രാദേശിക തലത്തില്‍ തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലാണ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍. സെക്രട്ടറി- ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ പദ്ധതിനിര്‍വഹണ യൂണിറ്റുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്നതാണ് കൗണ്‍സില്‍.