ആർ.എസ്.എസ്. പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കർണാടക സർക്കാർ

സർക്കാർ സ്വത്തോ, സ്ഥലങ്ങളോ ഉപയോഗിക്കുന്നതിന് സ്വകാര്യ സംഘടനകൾക്ക് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. ഈ ഉത്തരവ് ആർ.എസ്.എസ്. പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഒക്ടോബർ 19 ന് മാധ്യമങ്ങളോട് സംസാരിച്ച ശിവകുമാർ, നിലവിലെ സർക്കാർ പുതിയ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും, മറിച്ച് മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്തെ ഉത്തരവുകൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി.

ഒക്ടോബർ 18 ന് സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ ആർ.എസ്.എസിനെ പ്രത്യേകമായി പരാമർശിക്കുന്നില്ലെങ്കിലും, പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും നടക്കുന്ന അവരുടെ റൂട്ട് മാർച്ചുകളും ‘ശാഖകളും’ ലക്ഷ്യമിട്ടാണ് ഈ നീക്കം എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മന്ത്രി പ്രിയങ്ക് ഖാർഗെയുടെ കത്ത് ആണ് ഈ ഉത്തരവിന് പിന്നിലെ പ്രധാന കാരണം. ഒക്ടോബർ 4-ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ, പഞ്ചായത്ത് രാജ്, ഐ.ടി/ബി.ടി മന്ത്രിയായ ഖാർഗെ, ആർ.എസ്.എസ്. സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ‘ശാഖകൾ’ നടത്തുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.

അവിടെ “ശിക്ഷാ മുദ്രാവാക്യങ്ങൾ മുഴക്കുകയും കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ നിഷേധാത്മക ആശയങ്ങൾ കുത്തിവയ്ക്കുകയും ചെയ്യുന്നു” എന്നും ഖാർഗെ ആരോപിച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ തീരുമാനപ്രകാരം സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.മതപരമോ രാഷ്ട്രീയപരമോ ആയ സംഘടനകൾ സർക്കാർ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കാനാണ് പുതിയ നീക്കത്തിലൂടെ കോൺഗ്രസ് സർക്കാർ ലക്ഷ്യമിടുന്നത്.

19-Oct-2025