സംസ്ഥാനത്ത് തദ്ദേശീയമായ മദ്യ ഉൽപാദനം വർധിപ്പിക്കും: മന്ത്രി എംബി രാജേഷ്

കേരളത്തിൽ സ്പിരിറ്റ് ഉൽപാദനം തുടങ്ങണമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ഒൻപത് ഡിസ്‌ലറികൾ ഉണ്ടായിട്ടും കേരളത്തിൽ നിലവിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കുന്നില്ല. ചില സ്ഥാപിതതാൽപര്യക്കരാണ് സ്പിരിറ്റ് ഉൽപാദനത്തെ എതിർക്കുന്നത്. സംസ്ഥാനത്ത് തദ്ദേശീയമായ മദ്യ ഉൽപാദനം വർധിപ്പിക്കും. മദ്യനയം അഞ്ച് വർഷത്തേക്ക് ആക്കുന്നത് സർക്കാറിൻ്റെ പരിഗണനയിലാണെന്നും എം.ബി രാജേഷ് പറഞ്ഞു.

സ്പിരിറ്റ് ഉത്പാദനത്തിൽ വെള്ളത്തിൻ്റെ പ്രശ്നം പറയുന്നവരുണ്ട്, എന്നാൽ കർണാടകയിൽ ഇല്ലാത്ത എന്ത് വെള്ള പ്രശ്നമാണ് കേരളത്തിൽ ഉള്ളതെന്നായിരുന്നു എം.ബി. രാജേഷിൻ്റെ ചോദ്യം. സ്ഥാപിത താൽപര്യങ്ങൾക്ക് മുൻപിൽ വഴങ്ങില്ല. വിവാദങ്ങൾ ഉണ്ടാകുമെന്ന് വെച്ച് ചില ചുവട് വെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

മദ്യനയം അഞ്ച് വർഷത്തേക്ക് വേണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിഷയം സർക്കാറിൻ്റെ പരിഗണനയിലാണ്. നിലവിൽ ഒരോ വർഷത്തിനുമായാണ് മദ്യനയം രൂപീകരിക്കുന്നത്. ഇത് മദ്യ നിർമാണ വ്യവസായത്തെ ബാധിക്കുന്നു. ദീർഘകാല മദ്യനയം ഇല്ലാത്തതിനാൽ വ്യവസായികൾ കേരളത്തിൽ വരാൻ മടിക്കുന്നു. മദ്യനയം അടുത്ത വർഷം മാറുമോ എന്നതാണ് വ്യവസായികളുടെ ആശങ്ക. ഇത് പരിഹരിക്കാൻ ദീർഘകാല മദ്യനയം വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

23-Oct-2025