പള്ളിത്തർക്ക സംഘർഷം ബിഷപ്പിനെതിരെ കേസ്

മാന്നാമംഗലം പള്ളിസംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യോഹാനോന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പടെ 120 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിഷപ്പ് ഒന്നാം പ്രതിയാണ്.

വധശ്രമം കലാപശ്രമം വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ 30 ലേറെ ഓര്‍ത്തേഡോക്‌സ് വിശ്വാസികള്‍ അറസ്റ്റിലായിട്ടുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് എപ്പാഴുണ്ടാകുമെന്ന് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. പള്ളിയില്‍ നിന്നും പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്.

അതേസമയം, പോലീസാണ് ആക്രമണത്തിന് പിന്നിലെന്ന് ബിഷ്പ്പ് പ്രതികരിച്ചു. തങ്ങള്‍ സഹനസമരമാണ് നടത്തിയതെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിന് പകരം അതാവശ്യപ്പെട്ടവര്‍ക്കെതിരെ ആക്രമണം നടത്തിയത്. പോലീസിനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞത്.

അവകാശത്തെച്ചൊല്ലി തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന പള്ളിയില്‍ ഇന്നലെ രാത്രി 12 മണിയോടെ ഓര്‍ത്തഡോക്‌സ് വിഭാഗം ഗേറ്റ് തകര്‍ത്ത് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ വിശ്വാസികള്‍ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

സമരപ്പന്തല്‍ പൊലീസ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഇരുവിഭാഗക്കാരും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് സംഘര്‍ഷമുണ്ടായത്. പാത്രിയാര്‍ക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയില്‍ തങ്ങള്‍ക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടി ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് വിഭാഗം സമരം ചെയ്തത്. എന്നാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.

അക്രമവും കല്ലേറും തുടങ്ങിയത് എതിര്‍വിഭാഗമാണെന്ന് പരസ്പരം ആരോപിക്കുകയാണ് സഭാധികൃതര്‍. അക്രമത്തില്‍ പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമരപ്പന്തല്‍ ഒഴിപ്പിച്ചെങ്കിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

 

18-Jan-2019