വികസന രംഗത്ത്‌ കേരളം തുടർച്ചയായി നേട്ടങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്‌ : ടിപി രാമകൃഷ്ണൻ

അതിദാരിദ്ര്യം പരിഹരിക്കുകയെന്ന വലിയ നേട്ടത്തിലേക്ക്‌ സംസ്ഥാന സർക്കാർ കടക്കുന്നതിന്റെ ഭാഗമായി നവംബർ 1ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു. വികസന രംഗത്ത്‌ കേരളം തുടർച്ചയായി നേട്ടങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്‌. അതിൽ ഏറ്റവും സുപ്രധാനമായ ഒരു ചുവടുവെപ്പാണ്‌ അതിദാരിദ്ര്യം പരിഹരിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ നേടുന്നത്‌.

സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുൾപ്പെടെ ഏറെ പതിറ്റാണ്ടുകളുടെ ശ്രമഫലമായി നേടിയ നേട്ടങ്ങളാണ്‌ കേരളം കൈവരിക്കുന്നത്‌. 1957ൽ ആദ്യത്തെ സംസ്ഥാന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമ്പോൾ ജന്മിത്വ വ്യവസ്ഥ ഇവിടെ സജീവമായി നിലനിന്നിരുന്നു. എന്നാൽ, ഭൂപരിഷ്‌ക്കരണമുൾപ്പെടെ തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണ്‌ കേരളം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ തുടർച്ചയായാണ്‌ അതിദാരിദ്ര്യം പരിഹരിക്കുകയെന്ന അവസ്ഥയിലേക്ക്‌ കേരളം എത്തിയിരിക്കുന്നത്‌. കേരളീയർക്കാകമാനം അഭിമാനമായി മാറിയ ഈ നേട്ടത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷ പരിപാടികളിൽ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്നും ടി പി രാമകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.

24-Oct-2025