പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ല: എംഎ ബേബി

പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് പറഞ്ഞ എം എ ബേബി പ്രശ്നങ്ങളെ സംബന്ധിച്ച് സിപിഐയുടെയും സിപിഐഎമ്മിന്റെയും കേരള നേതൃത്വം സംസാരിച്ച് തീരുമാനമെടുക്കുമെന്നും കൂട്ടിച്ചേർത്തു.

പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ആശങ്കകളറിയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബേബിയുടെ പ്രതികരണം. പിഎം ശ്രീയില്‍ ഒപ്പിട്ടാലും കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഗീയവത്കരണം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നാണ് എംഎ ബേബി പറയുന്നത്.


നിലവിലെ വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കേരളത്തിലെ ഇരു പാര്‍ട്ടികളുടെയും നേതൃത്വത്തെ സഹായിക്കുമെന്നും, ഇത് എങ്ങനെ പരിഹരിക്കണം എന്നത് അവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും എം എ ബേബി പറഞ്ഞു. വര്‍ഗീയവല്‍ക്കരണം, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണം, കച്ചവടവല്‍ക്കരണം, വിദ്യാഭ്യാസ രംഗത്തെ മൂന്ന് പ്രധാന വിഷയങ്ങളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്നും എം എ ബേബി പറഞ്ഞു.

ഈ മൂന്ന് കാര്യങ്ങളും അനുവദിച്ചുകൂടാ എന്നുള്ളതാണ് ഇരു പാര്‍ട്ടികളുടെയും നിലപാട്. ഈ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്ന് രാജയുമായുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും എതിരായിട്ടുള്ള ഉറച്ച നിലപാട് സ്വീകരിക്കാനും, എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഇത് നടപ്പാക്കാനും ഇരു പാര്‍ട്ടികളും ശ്രമിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.

25-Oct-2025

ന്യൂസ് മുന്‍ലക്കങ്ങളില്‍

More