അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കാൻ ‘അനുപൂരക’ പദ്ധതി

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതിയുടെ (ഐ.സി.ഡി.എസ്.) സുപ്രധാന ഭാഗമായാണ് ഈ തുക വിനിയോഗിക്കുക.

കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലൂടെ ഏറ്റെടുക്കുന്നത്.
ആറുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരാണ് പദ്ധതിയിലെ പ്രധാന ഗുണഭോക്താക്കൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് അങ്കണവാടികൾ വഴി ഇവർക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്.

സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിൻ്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

27-Oct-2025