കനയ്യാകുമാര്‍ ഉള്‍പ്പെടെ പത്തു വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ജെഎന്‍യു വിവാദത്തില്‍ വിവാദമുദ്രാവാക്യം വിളിച്ചത് എബിവിപിക്കാര്‍ തന്നെ എന്ന് വെളിപ്പെടുത്തല്‍. എബിവിപി വിട്ട മുന്‍ നേതാക്കളാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ആറു മാസം മുമ്പ് എബിവിപി വിട്ട ജോയിന്റ് സെക്രട്ടറിയായിരുന്ന നര്‍വാളാണ് ആരോപണം ഉന്നയിച്ചവരിലെ പ്രമുഖന്‍.
2016 ല്‍ നടന്ന സംഭവത്തില്‍ ജെഎന്‍യുവില്‍ 'പാകിസ്താന്‍ സിന്ദാബാദ്' എന്ന് വിളിച്ചെന്നാണ് പത്തു പേര്‍ക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകര്‍ തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നവര്‍ ആരോപിക്കുന്നത്. രോഹിത് വെമൂലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ബിജെപി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ജെഎന്‍യു സംഭവമെന്നും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും നര്‍വാള്‍ ആരോപിച്ചു.
കേസില്‍ കനയ്യകുമാര്‍, ഉമര്‍; ഖാലിദ്, അനിര്‍ ബന്‍ ഭട്ടാചാര്യ, ഏഴ് കശ്മീരി വിദ്യാര്‍ഥികള്‍ എന്നിവരെ പ്രതി ചേര്‍ത്ത് 1200 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. 2016 ഫെബ്രുവരിയില്‍ ജെഎന്‍യു ക്യാംപസിലെ സബര്‍മതി ദാബയില്‍ ഇവര്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിച്ചെന്നും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നുമായിരുന്നു കേസ്.
ആറ് മാസം മുമ്പാണ് നര്‍വാള്‍ എബിവിപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. നര്‍വാളിനു പുറമെ എബിവിപിയുടെ ജെഎന്‍യു യൂണിറ്റ് മുന്‍ വൈസ് പ്രസിഡന്റുമായ ജതിന്‍ ഗോരയ്യയും ഇതേ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. കുറ്റപത്രം ഇപ്പോള്‍ സമര്‍പ്പിക്കാന്‍ കാരണവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണെന്ന് ഗോരയ്യ പറയുന്നത്. ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകളെ തുടര്‍ന്നാണ് താന്‍ എബിവിപി വിട്ടതെന്നും ഗോരയ്യ പറയുന്നു. നാല് വീഡിയോകളാണ് അന്ന് പുറത്ത് വന്നിരുന്നത്. അതില്‍ നാലാമത്തേത് കാണണമെന്നും അതില്‍ പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് എബിവിപി അംഗങ്ങളാണെന്നുമാണ് എബിവിപി വിട്ടവരുടെ ആരോപണം.