പിഎം ശ്രീ ; മുഖ്യമന്ത്രി - ബിനോയ് വിശ്വം കൂടിക്കാഴ്ച വിജയം

പിഎം ശ്രീ (PM SHRI) പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതാവ് ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച വിജയകരമായി അവസാനിച്ചു. വിദ്യാഭ്യാസ മേഖലയിലെ വികസന പദ്ധതികൾ, കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ പ്രാധാന്യം, സ്കൂൾ അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങൾ ചർച്ചയിലെ പ്രധാന വിഷയങ്ങളായി. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും അതിലെ നിബന്ധനകൾ സംസ്ഥാനത്തു നടപ്പാക്കില്ല എന്ന നിലപാടാണ് സർക്കാരിനുള്ളത് എന്ന് മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കി.

ആലപ്പുഴയിൽ നടന്ന കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രപദ്ധതികളിലൂടെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഇരുവരും പങ്കുവച്ചു. സംസ്ഥാനത്തിന്റെ സ്വതന്ത്ര വിദ്യാഭ്യാസ നയത്തോടൊപ്പം കേന്ദ്രപദ്ധതികളെ എങ്ങനെ സംയോജിപ്പിക്കാമെന്നതിനെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു.

വിദ്യാഭ്യാസം സംസ്ഥാനാവകാശമാണെന്ന നിലപാട് പുനർബലം നൽകിക്കൊണ്ട്, പദ്ധതിയുടെ നടപ്പാക്കലിൽ സംസ്ഥാന സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കണമെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സർക്കാർ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള എല്ലാ പദ്ധതികളെയും അനുകൂലമായി കാണുന്നുവെന്ന് വ്യക്തമാക്കി.

നിലവിലെ ചർച്ച വിജയമായതോടെ ദേശീയ തലത്തിൽ പിഎം ശ്രീക്കെതിരായ സിപിഐ നിലപാട് ചർച്ചയായതിനാൽ അതിൽ നിന്നും പിന്നോക്കം പോയി എന്നുവന്നാൽ സിപിഐയ്ക്ക് പ്രതിശ്ചായ നഷ്ടം ഉണ്ടാകും എന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു.ഒരൊറ്റ ചർച്ചയിലൂടെ വിധേയപ്പെട്ടു എന്ന പൊതുബോധം ഉണ്ടാക്കാതെ മുന്നോട്ടുപോകണം എന്ന നിർദ്ദേശം മുഖ്യമന്ത്രിയാണ് മുന്നോട്ടുവെച്ചത് എന്നാണ് സൂചന . അതിനനുസൃതമായ ചില തീരുമാനങ്ങൾ സിപിഐ കൈക്കൊണ്ടു എന്നതിനപ്പുറം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്നണിയിൽ നിലവിൽ ഭിന്നതകൾ ഒന്നുംതന്നെയില്ല.

അതേസമയം, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ മുന്നണിയുടെ ഭാഗമായി സീറ്റ് ചർച്ചകൾക്ക് സിപിഐ എം - സിപിഐ നേതൃത്വങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മാധ്യമങ്ങൾ സിപിഐ- സിപിഐ എം ഭിന്നത എന്നരീതിയിൽത്തന്നെയാണ് വിഷയത്തിൽ തെറ്റിദ്ധാരണാ ജനകമായ റിപ്പോർട്ടിംഗ് ഇപ്പോഴും നടത്തുന്നത്. ഇരുപാർട്ടികളും തമ്മിൽ ഭിന്നതയുണ്ടെങ്കിൽ ഇത്തരം ചർച്ചകൾ നടക്കുകയില്ല. തത്വത്തിൽ സിപിഐ എമ്മും സിപിഐയും തമ്മിൽ താഴെത്തട്ടിൽ ഒരുപ്രശ്നവുമില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.


പിഎം ശ്രീ പദ്ധതി വഴി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കും. പദ്ധതിയുടെ സംസ്ഥാനതല നടപ്പാക്കൽ ഘട്ടങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

27-Oct-2025