സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമത്: മുഖ്യമന്ത്രി

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്ത് ഏറ്റവും മികച്ച അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വിഷൻ 2031-ൻ്റെ ഭാഗമായുള്ള ‘റികോഡ് കേരള 2025’ എന്ന ഐടി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് വെറും 300 സ്റ്റാർട്ടപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ, സർക്കാർ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയതിൻ്റെ ഫലമായി നിലവിൽ ഇത് 6500-ൽ അധികം സ്റ്റാർട്ടപ്പുകളായി വർധിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിൻ്റെ ഐടി വ്യവസായത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ രംഗത്ത് ഒരു ലക്ഷം കോടി രൂപയുടെ ഐടി കയറ്റുമതി ഉണ്ടായി. അടിസ്ഥാന സൗകര്യ വികസന രംഗത്തും ശക്തമായ കുതിപ്പ് ദൃശ്യമായി.

ഐടി പാർക്കുകളിൽ നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഇത് കൂടാതെ, ഈ കാലയളവിൽ 66,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. നിരവധി ആഗോള കമ്പനികൾ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കേരളം രാജ്യത്തിനു മുന്നിൽ ഒരു മാതൃകയാകുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

28-Oct-2025