വിഷൻ 2031: സഹകരണ വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രായോഗികവും ക്രിയാത്മകവുമായ വികസന പദ്ധതികൾക്ക് മിച്ചഫണ്ടുള്ള സഹകരണ സംഘങ്ങൾ വഴി വായ്പകൾ നൽകുന്ന പദ്ധതി നടപ്പാക്കുമെന്ന് സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു.

സഹകരണ മേഖലയിലെ ഭാവി വികസനം ചർച്ച ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 ഏകദിന സെമിനാർ ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും യോജിച്ച് പ്രവർത്തിച്ചാൽ വികസന രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗത്വം നൽകി വായ്പകൾ ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുകൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച് പരസ്പര സഹകരണത്തിലൂടെ നാടിന്റെ വളർച്ച ഉറപ്പാക്കാനാകും.

ഇക്കാര്യത്തിൽ സഹകരണ വകുപ്പിന്റെ നടപടികൾ പൂർത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഉടൻ ചർച്ച നടത്തും. ആവശ്യമായ നിയമ ഭേദഗതികളും കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക സഹകരണസംഘങ്ങളിലും ശാഖകളിലും ഇടപാടുകൾക്ക് ഏകീകൃത സോഫ്റ്റ്വേർ കൊണ്ടുവരുന്നതിനുള്ള നടപടികൾ ഒരു മാസത്തിനകം പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. സഹകരണ ഫെഡറലിസം കടുത്ത വെല്ലുവിളി നേരിടുന്ന കാലത്ത് സഹകരണ മേഖലയുടെ ഭാവി വികസനം മുന്നിൽ കണ്ടുള്ള ചർച്ചകൾ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്തു വർഷം സഹകരണ വകുപ്പ് കൈവരിച്ച നേട്ടങ്ങൾ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ അവതരിപ്പിച്ചു.

എം.എൽ.എമാരായ സി. കെ. ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത്ബാബു, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, കൺസ്യൂമർ ഫെഡ് ചെയർമാൻ പി. എം. ഇസ്മയിൽ, കൺസ്യൂമർ ഫെഡ് മുൻ ചെയർമാൻ ഗംഗാധരക്കുറുപ്പ്, കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബി. പി. പിള്ള, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സ്വാഗതസംഘം ജനറൽ കൺവീനർ കെ. എം. രാധാകൃഷ്ണൻ, സഹകരണ ഓഡിറ്റ് ഡയറക്ടർ എം. എസ്. ഷെറിൻ, ജോയിൻറ് രജിസ്ട്രാർ പി പി സലിം എന്നിവർ സംസാരിച്ചു.

28-Oct-2025