മോഡി സര്‍ക്കാര്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് 6696 കോടിരൂപ അധികവിലയ്ക്ക്

ഫ്രാന്‍സിലെ ദസോള്‍ട്ട് കമ്പനിയില്‍നിന്ന് നരേന്ദ്ര മോഡി സര്‍ക്കാര്‍ റഫേല്‍ വിമാനങ്ങള്‍ വാങ്ങിയത് 6696 കോടിരൂപ അധികവിലയ്ക്ക്. 2007ല്‍ കമ്പനിയുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള വിലയേക്കാള്‍ 186 കോടിയാണ് ഓരോ വിമാനത്തിനും അധികം നല്‍കുന്നത്. ഇത്തരത്തില്‍ 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ധാരണയായിട്ടുള്ളത്. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മോഡി സര്‍ക്കാര്‍ 41 ശതമാനം അധികവില നല്‍കിയാണ് റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതെന്നാണ്.

2007ല്‍ കേന്ദ്രസര്‍ക്കാരും ദസോള്‍ട്ടുമായുണ്ടാക്കിയ ധാരണപ്രകാരം ഒരു വിമാനത്തിന് 79.3 ദശലക്ഷം യൂറോയാണ് നല്‍കേണ്ടിയിരുന്നത്. 13 കൂട്ടിച്ചേര്‍ക്കലുകളിലായി പിന്നീട് 11.11 ദശലക്ഷം യൂറോ അധികമായി ഉള്‍പ്പെടുത്തി. 2011 ല്‍ പുതുക്കിയ ധാരണപ്രകാരം വില 100.85 ദശലക്ഷം യൂറോയായി ഉയര്‍ന്നു. കൂട്ടിച്ചേര്‍ക്കലുകളുടെ ചെലവ് അതേപടി തുടര്‍ന്നു. മോഡി സര്‍ക്കാര്‍ വന്നശേഷം 2016 ല്‍ വിലയില്‍ ഒമ്പത് ശതമാനത്തിന്റെ കിഴിവ് നല്‍കാന്‍ ദസോള്‍ട്ട് തയ്യാറായി. ഇതുപ്രകാരം ഒരു വിമാനത്തിന് 91.75 ദശലക്ഷം യൂറോയെന്ന നിരക്കില്‍ 36 വിമാനം വാങ്ങാന്‍ ധാരണയായി. എന്നാല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ഒരു വിമാനത്തിന് 36.11 ദശലക്ഷം യൂറോ അധികം നിശ്ചയിച്ചു. ഇത് കമ്മീഷന്‍ തുകയായി ആര്‍ എസ് എസ് കേന്ദ്രീയ കാര്യാലയത്തിലേക്ക് വകമാറ്റുമെന്ന ഗുരുതര ആരോപണവും ഉയര്‍ന്നുവരുന്നുണ്ട്.

2007 ലും 2011 ലും പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ട 13 കൂട്ടിച്ചേര്‍ക്കല്‍ തന്നെയാണ് എന്‍ഡിഎ കാലത്തെ കരാറിലുമുള്ളത്. 126 എണ്ണത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്താന്‍ 2007 ലും 2011 ലും ദസോള്‍ട്ട് ആവശ്യപ്പെട്ടത് 1.4 ശതകോടി യൂറോയായാണ്. എന്‍ഡിഎ കാലത്തെ കരാറിലാകട്ടെ വെറും 36 വിമാനങ്ങളില്‍ 1.3 ശതകോടി യൂറോയെന്ന ഭീമമായ തുകയാണ് ഈടാക്കുന്നത്. ചുരുക്കത്തില്‍ 2007 ലെ ധാരണപ്രകാരം ഒരു റഫേല്‍ വിമാനം എല്ലാ കൂട്ടിച്ചേര്‍ക്കലുകളോടെയും വാങ്ങാന്‍ 90.41 ദശലക്ഷം യൂറോയായിരുന്നത് 2016 ല്‍ 127.86 ദശലക്ഷം യൂറോയായി ഉയര്‍ന്നു. അതിലൂടെ 41.4 ശതമാനത്തിന്റെ വര്‍ധനവാണ് വന്നിരിക്കുന്നത്.

ഒരു വിമാനത്തിന് 186 കോടിരൂപയാണ് അധികം നല്‍കുന്നത്. 36 വിമാനം നല്‍കുമ്പോള്‍ ദസോള്‍ട്ടിന് അധികനേട്ടം 6696 കോടിയാണ്. യുപിഎ കാലത്ത് 126 വിമാനം വാങ്ങുന്നതിനായിരുന്നു ധാരണ. ഒരുമാസം ഒരുവിമാനം നിര്‍മിച്ച് കൈമാറാനാണ് ധാരണയെങ്കില്‍ 13 കൂട്ടിച്ചേര്‍ക്കലുകള്‍ക്കായി നല്‍കേണ്ടിവരുന്ന 1.3 ശതകോടി യൂറോ 10 വര്‍ഷവും ആറുമാസവുംകൊണ്ട് നല്‍കിയാല്‍ മതി. എന്നാല്‍, 36 എണ്ണം ഒരുമാസത്തില്‍ ഒന്ന് എന്ന നിലയില്‍ കൈമാറുമ്പോള്‍ മൂന്നുവര്‍ഷംകൊണ്ട് 1.3 ശതകോടി യൂറോ ദസോള്‍ട്ടിന് ലഭിക്കും. പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിലുള്ള പ്രതിരോധ ഏറ്റെടുക്കല്‍ കൗണ്‍സിലിനെ മറികടന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് ഇടപാടിലെ ഓരോ ഘട്ടത്തിനും അനുമതി നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിയെ പുറംകരാര്‍ പങ്കാളിയാക്കിയത് അടക്കമുള്ള വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ദസോള്‍ട്ടിന് വന്‍നേട്ടം കൈവരുംവിധമായിരുന്നു കരാറെന്ന വിവരം പുറത്താവുന്നത്.

ആര്‍ എസ് എസ് പ്രചാരകനായ നരേന്ദ്രമോഡി പ്രധാനമന്ത്രി സ്ഥാനത്തിരുന്ന കാലം മുതല്‍ പ്രതിരോധ ഇടപാടുകളില്‍ സംഘത്തിന്റെ ഇടപെടലുകള്‍ ഉണ്ടെന്ന ഗുരുതരമായ ആരോപണം നേരത്തെ ഉയര്‍ന്നുവന്നിട്ടുണ്ട്. ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് ഇതുവരെയും ആ ആരോപണം നിഷേധിച്ചിട്ടില്ല എന്നതും പ്രസക്തമായ കാര്യമാണ്.

19-Jan-2019