കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നു : മന്ത്രി വി എൻ വാസവൻ
അഡ്മിൻ
സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യവുമായി തുടങ്ങിയ കേരള ബാങ്ക് രൂപീകരണലക്ഷ്യം നേടുന്നതായി സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2025 നവംബറിൽ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ കേരള ബാങ്ക് മികച്ച ബിസിനസ്സ് വളർച്ച കൈവരിച്ചു. 2019-20 സാമ്പത്തിക വർഷത്തിലെ 1.01 ലക്ഷം കോടി രൂപ ബിസിനസ്സ് നിലവിൽ 1.24 ലക്ഷം കോടിയായി ഉയർന്നു.
2024 സെപ്തംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രം 7900 കോടി രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 മാർച്ചിൽ 61037 കോടി രൂപയായിരുന്ന നിക്ഷേപം 71877 കോടി രൂപയായി വർദ്ധിച്ചു. പ്രമുഖ വാണിജ്യ ബാങ്കുകൾക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കിനിൽപ്പ് എന്ന ചരിത്ര നേട്ടം കേരള ബാങ്ക് പിന്നിട്ടു കഴിഞ്ഞു. 52000 കോടി രൂപ വായ്പാ ബാക്കിനിൽപ്പോടെ കേരള ബാങ്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക കരുത്തായി മാറിയതായി മന്ത്രി പറഞ്ഞു.
പ്രവാസി വായ്പ്പകൾ, കാർഷിക വായ്പ്പകൾ, സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ വായ്പ്പകൾ, വനിതാ വായ്പ്പകൾ, ഉൾപ്പെടെ അൻപതിലധികം വായ്പാ പദ്ധതികൾ കേരള ബാങ്കിലുണ്ട്. ആകെ വായ്പയുടെ 27% ൽ അധികം തുക കാർഷിക മേഖലയ്ക്ക് അനുവദിക്കുന്നു. 2025 മാർച്ചിലെ കണക്ക് പ്രകാരം കാർഷിക വായ്പാ ബാക്കിനിൽപ്പ് 13129 കോടി രൂപയാണ്. സാധാരണ ഉപഭോക്താക്കൾക്ക് മിതമായ പലിശയിൽ അടിയന്തര വായ്പ ലഭ്യമാക്കാൻ ആരംഭിച്ച 100 ഗോൾഡൺ ഡേയ്‌സ് ക്യാമ്പയിൻ വഴി 93 ദിവസങ്ങളിൽ 2374 കോടി രൂപയുടെ വായ്പ അനുവദിച്ചു. 109376 പുതിയ ഗോൾഡ് ലോൺ അക്കൗണ്ടുകളിലൂടെയാണ് ഈ നേട്ടം ബാങ്ക് സ്വന്തമാക്കിയത്. റിസ്‌ക് വെയിറ്റേജ് കുറഞ്ഞ 1 ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പയിൽ മാത്രം ഈ കാലയളവിൽ 343 കോടി രൂപയുടെ വർദ്ധനവ് ഉണ്ടായതായി മന്ത്രി പറഞ്ഞു.
നൂതനമായ ഐ.ടി. സംവിധാനങ്ങൾ ഒരുക്കുന്നതിലേയ്ക്കായി സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സ്റ്റാർട്ടപ്പ് ഇന്നോവേഷൻ ഹബ്ബ് എറണാകുളം കേന്ദ്രമായി സ്ഥാപിക്കുന്നതിനുള്ള ധാരണായായി. ഇതിലൂടെ ഐ.ടി. സേവനങ്ങൾ ഏറ്റവും ചിലവു കുറഞ്ഞ നിരക്കിൽ കേരള ബാങ്കിനും സഹകരണ സ്ഥാപനങ്ങൾക്കും ഇതര സ്ഥാപനങ്ങൾക്കും ലഭ്യമാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലൂടെ ഗ്രാമങ്ങളിലെ സാധാരണക്കാരായ കർഷകർക്കും തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പാക്കാനുള്ള പരിശ്രമത്തിലൂടെ ബാങ്കിംഗ് രംഗത്തെ ജനകീയ മുഖമായി മാറുകയാണ് കേരളാ ബാങ്ക്. ഗ്രാമീണ സഹകരണ മേഖലയുടെ ശക്തികരണത്തിനായി ഒരുമിച്ചുയരാം എന്ന പേരിൽ ത്രിദിന ശിൽപശാലകളും PACS as MSC / AIF പദ്ധതിയിലൂടെ 467.04 കോടി രൂപയുടെ വായ്പയും അനുവദിച്ചു. കേരള ബാങ്ക് വയനാട് ദുരന്തബാധിതരുടെ 3.86 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയും ജീവനക്കാർ സമാഹരിച്ച 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നൽകുകയും ചെയ്തു. ദുരന്തബാധിതർക്കായുള്ള സഹായങ്ങൾ, ടി.ബി. രോഗികൾക്ക് സാമ്പിൾ പരിശോധനാ ധനസഹായം, വായ്പാ കുടിശ്ശിക തീർപ്പുകൾ എന്നിവയിലൂടെ സാമൂഹിക ഉത്തരവാദിത്തത്തിലും കേരള ബാങ്ക് മുന്നിലാണ്. പ്രവർത്തന മികവിനുള്ള NAFSCOB അവാർഡ് തുടർച്ചയായി നാല് വർഷം കേരളാ ബാങ്കിന് ലഭിച്ചതായും മന്ത്രി പറഞ്ഞു.
29-Oct-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ