കര്‍ണാടക ഭൂമി കുംഭകോണം; രാജീവ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കര്‍ണാടക സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ ഉടമസ്ഥാവകാശം രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയായ ബിപിഎല്‍ സ്വന്തമാക്കിയത് തെറ്റിദ്ധരിപ്പിച്ചാണെന്നുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോർട്ടർ ടിവിയാണ് വാർത്ത പുറത്തുവിട്ടത്.

ആഗോള നിര്‍മാതാക്കളുമായി ചേര്‍ന്ന് പാട്ടഭൂമിയില്‍ വന്‍ വ്യവസായം തുടങ്ങണമെങ്കില്‍ വ്യക്തമായ ഉടമസ്ഥാവകാശം വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന കട്ട സുബ്രഹ്‌മണ്യം നായിഡുവിന് ബിപിഎല്‍ അയച്ച കത്ത് പുറത്തുവന്നു.

2006 സെപ്റ്റംബര്‍ കാലഘട്ടത്തിലാണ് മന്ത്രിക്ക് ബിപിഎല്‍ കമ്പനി കത്തയച്ചത്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ എന്തുകൊണ്ട് വ്യവസായം തുടങ്ങിയില്ല എന്ന കാര്യം ബിപിഎല്‍ കമ്പനി വിശദീകരിക്കുന്നുണ്ട്. ഇലക്‌ട്രോണിക് നിര്‍മാണരംഗത്തെ മത്സരവും കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതിന് പിന്നിലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടിയത്.

ആഗോള നിര്‍മാതാക്കളുമായി ചേര്‍ന്ന് വ്യവസായം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതിന് ആഗോള നിര്‍മാതാക്കള്‍ ഒരു നിബന്ധന മുന്നോട്ടുവെച്ചു. ഭൂമിയുടെ വ്യക്തമായ ഉടമസ്ഥാവകാശം ഉണ്ടെങ്കില്‍ മാത്രമേ വ്യവസായം തുടങ്ങാന്‍ കഴിയൂ എന്നാണ് അവര്‍ മുന്നോട്ടുവെയ്ക്കുന്ന നിബന്ധനയെന്നും ബിപിഎല്‍ കമ്പനി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ശേഷമാണ് 175 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ ബിപിഎല്‍ കമ്പനിക്ക് നല്‍കിയത്. ഇതിന് ശേഷമാണ് ഭൂമി മറിച്ചുവില്‍ക്കുന്നത്.

1995 ലാണ് കര്‍ണാടക ഭൂമി കുംഭകോണത്തിന്റെ തുടക്കം. വ്യാവസായിക സംരംഭം തുടങ്ങാനെന്ന പേരില്‍ ഭൂമി ആവശ്യപ്പെട്ടുകൊണ്ട് രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്‍ കമ്പനി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി എന്നിവയുടെ നിര്‍മാണമാണ് ലക്ഷ്യമെന്നായിരുന്നു ബിപിഎല്‍ പറഞ്ഞത്.

നിരവധി പേര്‍ക്ക് ജോലി കിട്ടുന്നതാണ് സംരംഭമെന്നും ബിപിഎല്‍ അവകാശപ്പെട്ടു. ബിപിഎല്ലിന്റെ വാഗ്ദാനം വിശ്വസിച്ച കെഐഎഡിബി ഭൂമി കൈമാറ്റത്തിന് തയ്യാറാകുകയായിരുന്നു. 500 ഏക്കറായിരുന്നു ബിപിഎല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 175 ഏക്കര്‍ നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നേമ മംഗളയില്‍ നിന്നുള്ള കര്‍ഷകരില്‍ നിന്ന് കെഐഎഡിബി ഭൂമി ഏറ്റെടുത്തു. ഒരു ഏക്കറിന് 1.1 ലക്ഷം വെച്ച് 175 ഏക്കറാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇത് 6.45 കോടിക്ക് ബിപിഎല്ലിന് പാട്ടത്തിന് നല്‍കുകയാണ് ചെയ്തത്. വൈകാതെ തന്നെ ഭൂമിയുടെ ലാന്‍ഡ് റൈറ്റ് ബിപിഎല്ലിന് ലഭിക്കുന്നു. പതിനഞ്ച് വര്‍ഷത്തോളം ഈ ഭൂമിയില്‍ ഒരു പ്രവര്‍ത്തിയും നടന്നില്ല.

2010-2011 കാലഘട്ടത്തിലാണ് ഭൂമി കൈമാറ്റം നടക്കുന്നത്. മാരുതി സുസൂക്കിക്ക് പുറമേ, ജിന്‍ഡാല്‍, ബിഒസി ലിമിറ്റഡ്, എന്നിവര്‍ക്കും ഭൂമി വിറ്റിട്ടുണ്ട്. റിപ്പോര്‍ട്ടറിന് ലഭിച്ച രേഖ പ്രകാരം 313.9 കോടി രൂപയ്ക്ക് ഭൂമി വില്‍പന നടത്തിയതെന്നാണ് വിവരം. എന്നാല്‍ പരാതി ഉന്നയിച്ച ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാറിന്റെ കൈവശമുള്ള രേഖ പ്രകാരം അഞ്ഞൂറ് കോടിയുടെ കുംഭകോണം ബിപിഎല്‍ കമ്പനി നടത്തിയതായാണ് വിവരം.

30-Oct-2025