മരണമടഞ്ഞ തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന ആശ്രിതരുടെ പട്ടികയിൽ പ്രായപൂർത്തിയായ, വിധവയായ സഹോദരിയെക്കൂടി ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ ഈ നിർദേശം നൽകിയത്.
നിലവിൽ, പ്രായപൂർത്തിയാവാത്ത വിധവയായ സഹോദരിമാരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇങ്ങനെയൊരു വിഭാഗത്തെ കണ്ടെത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി, പട്ടികയിൽ പ്രായപൂർത്തിയായ വിധവയായ സഹോദരിയെ കൂടി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി.
നഷ്ടപരിഹാരം നൽകുന്നതിനായി, 1923-ലെ തൊഴിലാളി നഷ്ടപരിഹാര നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയം പരിശോധിച്ച് ആവശ്യമായ ഭേദഗതികൾക്കായി സർക്കാർ നിയമകമ്മീഷന് വിടണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
മരിച്ച തൊഴിലാളിയുടെ വിധവകളായ രണ്ട് സഹോദരിമാർക്ക് നഷ്ടപരിഹാരം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തൊഴിലാളി മരിക്കുമ്പോൾ സഹോദരിമാർക്ക് പ്രായപൂർത്തിയായിരുന്നതിനാൽ അവരെ ആശ്രിതരായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ വാദം. എന്നാൽ, നഷ്ടപരിഹാരം നൽകണമെന്ന കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെച്ചു. സാമൂഹിക നീതി ഉറപ്പാക്കുന്ന ഈ വിധി, നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാകും