മോഡിയുടെ വിശ്വസ്തൻ സി.ബി.ഐ. ഡയറക്‌ടറായേക്കും

ന്യൂ ഡൽഹി:  ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡയറക്‌ടര്‍ ജനറല്‍ യോഗേഷ്‌ ചന്ദര്‍ മോഡി (വൈ.സി.മോഡി) സി.ബി.ഐ. ഡയറക്‌ടറായേക്കും.  അലോക്‌ വര്‍മ്മക്കു പകരം ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രി അധ്യക്ഷനായുള്ള മൂന്നംഗ ഉന്നതാധികാരസമിതി യോഗം 24നു ചേരാനിരിക്കുകയാണ്. അതിനിടയിലാണ് ജനറല്‍ യോഗേഷ്‌ ചന്ദര്‍ മോഡിയെ സി ബി ഐ ഡയറക്ടറായി  നിയമിക്കാനുള്ള നീക്കം നടക്കുന്നത്.  ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്നാമത്തെ ഡയറക്‌ടര്‍ ജനറലായ മോഡി പ്രധാനമന്ത്രിയുടെ വിശ്വസ്‌തനായാണ്‌ അറിയപ്പെടുന്നത്‌.  ഗുജറാത്ത്‌ കലാപക്കേസില്‍ നരേന്ദ്ര മോഡിക്കും ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്കും ക്ലീന്‍ചിറ്റ്‌ നല്‍കിയ ഉദ്യോഗസ്‌ഥനാണു മോഡി. 2002-ലെ ഗുജറാത്ത്‌ കലാപം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ മേധാവിയായ മോഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കു പങ്കില്ലെന്നു വ്യക്‌തമാക്കിയിരുന്നു. എന്നാൽ റിപ്പോര്‍ട്ട്‌ വിവാദമായപ്പോള്‍ അന്വേഷണസംഘത്തില്‍നിന്ന്‌ കോടതിതന്നെ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണു  പ്രധാനമന്ത്രി അധ്യക്ഷനായുള്ള മൂന്നംഗ ഉന്നതാധികാരസമിതിയിലെ   മറ്റംഗങ്ങള്‍. 

22-Jan-2019