കേരളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും ഏറ്റവും മികച്ച സുരക്ഷിതമായ വീടുകൾ ഉറപ്പാക്കും : മന്ത്രി സജി ചെറിയാൻ

കേരളത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും 2031 ആകുമ്പോൾ ഏറ്റവും മികച്ച സുരക്ഷിതമായ വീടുകൾ ഉറപ്പാക്കിയിരിക്കും എന്ന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇതിനായി 4000 കോടി രൂപയുടെ പദ്ധതി തയ്യാറായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'വിഷൻ 2031' ന്റെ ഭാഗമായി മത്സ്യമേഖലയിലെ വികസനാധിഷ്‌ഠിത സെമിനാറിൽ നയരേഖ അവതരണം ആലപ്പുഴ യെസ്കെ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കടൽക്ഷോഭ ഭീഷണിയിൽ ദുരിതമനുഭവിക്കുന്നവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന പുനർഗേഹം പദ്ധതി മത്സ്യത്തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്നതിലെ വിപ്ലവകരമായ ചുവടുവെപ്പാണ്. 5422 കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനങ്ങൾ നല്കാൻ കഴിഞ്ഞ നാലര വർഷ കാലയളവിൽ സാധിച്ചു. ലോകത്ത് മത്സ്യബന്ധന രംഗത്ത് നിലവിൽ വന്ന ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനമേഖലയിൽ ഉൾപ്പെടെ നടപ്പിലാക്കും. ഇത് മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക പുരോഗതിക്കു വഴിയൊരുക്കും. മത്സ്യത്തൊഴിലാളികളെ മീൻ പിടിക്കുന്നതിൽ മാത്രമല്ല അതിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പനങ്ങൾ ഉണ്ടാക്കുന്നതിലും പ്രാവീണ്യമുള്ളവരാക്കി മറ്റും. ഈ മേഖലയിലെ എല്ലാ കുട്ടികൾക്കും കൃത്യവും ഉന്നതവുമായ വിദ്യാഭ്യാസം ഉറപ്പാക്കും. ലോക രാജ്യങ്ങളിൽ തന്നെ അനന്തമായ ജോലി സാധ്യതകളുള്ള രംഗമാണ് ഫിഷറീസ്. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യാൻ പ്രാപ്‌തരാകുന്ന രീതിയിലുള്ള ഉന്നത വിദ്യാഭ്യസം ഇവർക്ക് ഉറപ്പാക്കും. ഫിഷറീസ് ടെക്നിക്കൽ സ്കൂളുകൾ എല്ലാം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തും. വിദ്യാഭ്യാസ രംഗത്ത് വിദ്യാതീരം പദ്ധതി മുഖേന ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിക്കുന്നതിന് സാധിച്ചു. പ്രവേശന പരീക്ഷക്കുള്ള പരിശീലന സഹായം നൽകുന്നത് വഴി കഴിഞ്ഞ പത്തു വർഷത്തിനിടെ 104 വിദ്യാർഥികൾക്ക് എം ബി ബി എസ് പ്രവേശനവും, 104 പേർക്ക് ബി ഡി എസ് ,ബി എ എം എസ്, ബി എച്ച് എം എസ് , ബി വി എസ് സി തുടങ്ങിയ മറ്റു മെഡിക്കൽ കോഴ്സുകളിലും പ്രവേശനം സാധ്യമാക്കി. കൂടാതെ 264 പേർ മറ്റു പ്രൊഫഷണൽ കോഴ്സുകളിലും പ്രവേശനം നേടി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ പരിശീലനത്തിന് 1.25 ലക്ഷം രൂപയും ഐ ഐ ടി/എൻ ഐ ടി പ്രവേശനത്തിന് 70,000 രൂപയും വരെ സാമ്പത്തിക സഹായം നൽകുന്നുണ്ട്.

കടൽക്ഷോഭം ഉണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടമാകുന്നുണ്ട്. വിഷൻ 2031 ന്റെ ഭാഗമായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നും ഒരംഗത്തിന് മത്സ്യബന്ധനം അല്ലാതെയുള്ള ഒരു വരുമാനമാര്‍ഗ്ഗം സൃഷ്ടിക്കും . ഇത് ഈ മേഖലയ്ക്ക് വലിയൊരു ആശ്വാസമായി മാറും. ഈ ലക്ഷ്യങ്ങൾ മുൻനിർത്തി മത്സ്യബന്ധനവകുപ്പ്, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണ് ‘തൊഴിൽതീരം’.

കേരളത്തിലെ കടലിലെയും കായലിലെയും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദ മത്സ്യബന്ധനം കേരളത്തിൽ നടപ്പിലാക്കും. കൂടാതെ മത്സ്യത്തൊഴിലാളികളുടെ 100 ശതമാനം സമുദ്ര സുരക്ഷ ഉറപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കും . കേരളത്തിലെ ഹാർബറുകൾ ലോക നിലവാരത്തിലേക്ക്ഉയർത്തുമെന്നും കേരളത്തിൽ പായ്കപ്പൽ പരിശീലനം നൽകുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

31-Oct-2025