ആശ്രയ' കർഷക സേവന കേന്ദ്രത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

മാറുന്ന കാലത്തിനനുസരിച്ച് കൃഷി രീതികളിൽ മാറ്റം വരുമെന്നും കർഷകർക്ക് ആവശ്യമായ സേവനങ്ങൾ അതിവേഗം എത്തിക്കുകയും ചെയ്യുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. ‌കേരള കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങൾ കർഷകർക്ക് ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിന് ആരംഭിച്ച ആശ്രയ' കർഷക സേവന കേന്ദ്രത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം.

കൃഷി ഭവനുകളുടെ അടുത്തായാണ് എല്ലാ 'ആശ്രയ' കേന്ദ്രങ്ങളും ആരംഭിക്കുക. കർഷകർക്ക് ഓൺലൈൻ സേവനങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നതും അവശ്യ സേവനങ്ങളുടെ അപേക്ഷകളിൽ തെറ്റ് വരുന്നതും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. 14 ജില്ലകളിലും ഈ സേവനം ഉറപ്പുവരുത്തും. കാർഷിക ഓൺലൈൻ സേവനങ്ങൾ കൃഷിയിടത്തിൽ നേരിട്ട് ചെന്ന് കർഷകരിലേക്ക് എത്തിക്കാനും 'ആശ്രയ' ഉദ്യോഗസ്ഥർ സന്നദ്ധരാകുമെന്നും അദ്ദേഹം പറഞ്ഞു.

'ആശ്രയ' കർഷക സേവന കേന്ദ്രം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന്റെ ആദ്യ പടിയായാണ് അണ്ടൂർക്കോണം ഗ്രാമപഞ്ചായാത്ത് കൃഷിഭവന് സമീപം സംസ്ഥാനത്തെ ആദ്യ 'ആശ്രയ' സേവന കേന്ദ്രം ആരംഭിച്ചത്. കാർഷിക സേവനങ്ങൾ അതിവേഗം, അനായാസം എന്നതാണ് ആശ്രയയുടെ ആപ്തവാക്യം.

അണ്ടൂർക്കോണം ഗ്രാമപഞ്ചായാത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ എസ്, വൈസ് പ്രസിഡൻറ് മാജിത ബീവി കെ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ മേരി കെ അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി അനിതകുമാരി, ഷിബില സക്കീർ തുടങ്ങിയവർ പങ്കെടുത്തു.

01-Nov-2025