ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം.
അഡ്മിൻ
ന്യൂഡല്‍ഹി: ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ടു സെയ്ദ് ഷൂജ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഗോപിനാഥ് മുണ്ടെയുടെ അപകടമരണത്തില്‍ പുന:രന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ അനന്തരവനും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെ. ഇവിഎമ്മുകളില്‍ കൃത്രിമം നടത്തുന്ന വിവരം ഗോപിനാഥ് മുണ്ടേക്കു അറിയാമായിരുന്നെന്നും ഇക്കാര്യം അദ്ദേഹം പുറത്തു പറയുമെന്ന് പേടിയുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും എന്നും സെയ്ദ് ഷൂജ ആരോപിച്ചിരുന്നു.
മുണ്ടെയുടെ കൊലപാതകം അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. അഹമ്മദും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. മുണ്ടെയുടെ മരണത്തിൽ ആദ്യം തന്നെ സംശയം ഉണ്ടായിരുന്നതായി ധനഞ്ജയ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുണ്ടെയെ സ്‌നേഹിക്കുന്നവരെല്ലാം സംശയിച്ചിരുന്നു പുതിയ വെളിപ്പെടുത്തലോടെ അത് വീണ്ടും ശക്തമാകുകയാണെന്നും ധനഞ്ജയ് മുണ്ടെ ആരോപിച്ചു. ഗോപിനാഥ് മുണ്ടെയുടെ അനന്തരവനും എന്‍സിപി നേതാവുമാണ് ധനഞ്ജയ് മുണ്ടെ. റോ അല്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുമ്പോഴാണ് തന്‍സീലും ഭാര്യയും കൊല്ലപ്പെട്ടതെന്നും ഷൂജ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഇവിഎം ക്രമക്കേടിനെക്കുറിച്ച് വാര്‍ത്ത നല്‍കാനിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന വെളിപ്പെടുത്തലും ഷൂജ നടത്തിയിരുന്നു.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, ഛത്തീസ്ഗഢ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നിട്ടുണ്ട്. റിലയന്‍സ് ജിയോ ആണ് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കുന്നതെന്നും രാജ്യത്ത് ഒമ്പതിടത്ത് ഇതിനായി സൗകര്യമുണ്ടെന്നും ഷൂജ വെളിപ്പെടുത്തിയിരുന്നു.