കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം അതിദാരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിർഭാഗ്യകരമായ പരമാർശം കേൾക്കേണ്ടിവന്നുവെന്നും വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പാക്കുന്നതിന്റെ ചാരിതാർഥ്യം സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടൻ മമ്മൂട്ടി അടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുന്നു.

നവകേരളത്തിന്റെ സാക്ഷാത്ക്കാരത്തിനുള്ള ചവിട്ടുപടിയാണിത്. ലൈഫ് ഭവൻ പദ്ധതിയിലൂടെ 4,70,000 വീടുകൾ യാഥാർഥ്യമാക്കിയെന്നും ജനം സന്തുഷ്ടരാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയുടെ വാക്കുകൾ:

കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നു. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. ഇത് പുതിയകേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്.

ഒരു മനുഷ്യ ജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റേയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഇതിൽ ഭാഗഭാക്കാകുകയും ഇതിന് നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

01-Nov-2025