യുപിയിൽ ഹിന്ദുക്കാർഡിറക്കാൻ തീരുമാനിച്ച് കോൺഗ്രസ്സും

ഉത്തർപ്രദേശ്: യുപിയിൽ ഹിന്ദുക്കാർഡിറക്കാൻ തീരുമാനിച്ച് കോൺഗ്രസ്സും. കുംഭമേളയില്‍ പങ്കെടുക്കാൻ തീരുമാനിച്ച് രാഹുൽ ഗാന്ധി. 12 ഹിന്ദു പുരോഹിതര്‍ മുഴക്കുന്ന ശ്‌ളോകങ്ങളുടെ അകമ്പടിയിൽ കുഭമേളയിൽ രാഹുല്‍ ഗംഗയില്‍ സ്നാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. പൂണൂല്‍ധാരിയായി രാഹുല്‍ പൊതുജനമദ്ധ്യത്തില്‍ എത്തുമെന്നാണ് വിവരം. ബുധനാഴ്ചയാണ് എഐസിസി യുപി കിഴക്ക് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുടെ ചുമതല പ്രിയങ്കയെ ഏല്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം കോണ്‍ഗ്രസ് നടത്തിയത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി എന്നിവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് പ്രിയങ്കയുടെ പരിധിയില്‍ വരിക. അതോടൊപ്പം തങ്ങളുടെ ഹിന്ദു വിരുദ്ധരെന്ന ഇമേജ് മാറ്റി മറിക്കാനും യുപിയിലെ ഹിന്ദുവോട്ടുകള്‍ സമാഹരിക്കാനുമുള്ള നീക്കമാണ് രാഹുല്‍ ഇപ്പോൾ നടത്തുന്നത്.

2018 ല്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പുഷ്‌ക്കറിലെ ബ്രഹ്മക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനു ശേഷം രാഹുൽ തന്റെ ജാതിയും ഗോത്രവും വിശദീകരിക്കുകയുണ്ടായി. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് രാഹുലിന്റെ ബ്രാഹ്മണ വേരുകള്‍ ആദ്യമായി പുറത്തു പറഞ്ഞത്.

 

25-Jan-2019