കോണ്‍ഗ്രസ്‌ നേതാവ്‌ ഒ.എം. ജോര്‍ജ്‌ പോലീസില്‍ കീഴടങ്ങി

വയനാട്‌: പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി ഒ.എം. ജോര്‍ജ്‌ പോലീസില്‍ കീഴടങ്ങി. ഡി.സി.സി. അംഗവും മുന്‍ ബത്തേരി പഞ്ചായത്ത്‌ പ്രസിഡന്റുമാണ്‌ ജോര്‍ജ്‌. ജനുവരി ഇരുപത്തിയൊൻപതിനാണ് ബത്തേരി പോലീസ്‌ ജോര്‍ജിനെ പ്രതിയാക്കി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്. ഇതോടെ ഒളിവില്‍ പോയ ജോര്‍ജ്‌ ഇന്നലെ രാവിലെ എസ്‌.എം.എസ്‌: ഡി.വൈ.എസ്‌.പി.: കുബേരന്‍ നമ്പൂതിരിയുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു.ജോര്‍ജിന്റെ വീട്ടില്‍ പണിചെയ്തിരുന്ന ദമ്പതികളുടെ  മകളെയാണ്‌ ഒന്നരവര്‍ഷത്തോളമായി ലൈംഗികപീഡനത്തിനിരയാക്കിയത്‌.

കര്‍ണാടകയിലെ ശ്രീരംഗപട്ടണം, മൈസൂര്‍, ബംഗളൂരു, എന്നിവിടങ്ങളില്‍ ലോഡ്‌ജിലും ബസ്‌ സ്‌റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും ഒളിവില്‍ കഴിഞ്ഞ ജോര്‍ജ്‌ തിങ്കളാഴ്‌ച രാത്രി ബത്തേരിയിലെ ബന്ധുവീട്ടിലെത്തി. ഇതിനു ശേഷമാണ്‌ കീഴടങ്ങിയത്‌. ഫോണിലൂടെയും മറ്റും പെൺകുട്ടിയെ ജോർജ്ജ് ഭീഷണിപ്പെടുത്തിയിരുന്നു, സഹികെട്ടു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ജോര്‍ജിനെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്‌ പുറത്താക്കിയിട്ടുണ്ട്‌. ജോര്‍ജിന്റെ ഫോണ്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇയാള്‍ കുട്ടിയുമായി 15 മിനിറ്റോളം അശ്ലീല സംഭാഷണം നടത്തിയതായി പോലീസിന്‌ തെളിവ്‌ ലഭിച്ചിട്ടുണ്ട്‌, പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

 

 

06-Feb-2019