ഇന്ന് സിസ്റ്റര്‍ അഭയ കൊലക്കേസ് പരിഗണിക്കും.
അഡ്മിൻ
സിസ്റ്റര്‍ അഭയ കൊലക്കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയാണ് കേസ് പരിഗണിക്കുക. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നേരത്തേ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലെനെ സി ബി ഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിരുന്നു.
നിലവിലെ പ്രതികള്‍ ഹൈക്കോടതിയില്‍ നല്കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം പൂര്‍ത്തിയായിട്ടും കേസ് എങ്ങുമെത്തിയില്ല. ലോക്കല്‍ പൊലീസും, െ്രെകബ്രാഞ്ചും, സിബിഐയും അന്വേഷിച്ചിട്ടും കേസിന്റെ അവസ്ഥ പരിതാപകരമാണ്. കേസ് ഇരുപത്താറാം വര്‍ഷം പിന്നിടുമ്പോള്‍ സിസ്റ്റര്‍ അഭയക്കേസില്‍ ഒന്നും, മൂന്നും പ്രതികളായ ഫാ. തോമസ് കോട്ടൂരിനും, സിസ്റ്റര്‍ സെഫിക്കും കൊലപാതകത്തില്‍ വ്യക്തമായ പങ്ക് ഉള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഫാ പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. സിസ്റ്റര്‍ സെഫി താമസിച്ചിരുന്ന പയസ് ടെന്ത് കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്ന ഫാ. തോമസ് കോട്ടൂര്‍ സിസ്റ്റര്‍ സെഫിയുമായി അവിശുദ്ധ ബന്ധത്തില്‍ ഏര്‍പ്പെട്ടത് സിസ്റ്റര്‍ അഭയ കണ്ടുവെന്നും തുടര്‍ന്ന് സിസ്റ്റര്‍ അഭയയെ കൈക്കോടാലികൊണ്ട് അടിച്ചു വീഴ്ത്തി കിണറ്റില്‍ തള്ളിയെന്നുമുള്ള പ്രോസിക്യൂഷന് കേസ് വിചാരണ ചെയ്യാന്‍ പര്യാപ്തമാണെന്നാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
വിചാരണ നടത്താതെ തന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫാ. കോട്ടൂരും, സിസ്റ്റര്‍ സെഫിയും നല്കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കക്ക് എതിരെ മൊഴി നല്കിയ കേസ്സിലെ ആറാം സാക്ഷികൂടിയായ കോണ്‍വെന്റിന്റെ അടുത്തുള്ള പള്ളിയിലെ രാത്രി കാവല്‍ക്കാരന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയപ്പോള്‍ സംബന്ധിച്ച തെറ്റ് മൂലമാണ് അദ്ദേഹത്തെ വെറുതെ വിടാന്‍ ഇടയാക്കിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നുണ്ട്. നാര്‍ക്കോ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം പ്രതി കുറ്റകൃത്യം ചെയ്തു എന്ന് തെളിയിക്കുന്നത് കോടതിയെ ബോധ്യപ്പെടുത്തുന്നതിലും, നാര്‍ക്കോ പരിശോധനാ ഫലം തെളിവായി കോടതിയെ കൊണ്ട് സ്വീകരിപ്പിക്കുന്നതിലും സിബിഐ പരാജയപ്പെട്ടുവെന്നും ജോമോന് ചൂണ്ടിക്കാട്ടുന്നു. ഫാ. പൂതൃക്കയിലിനെ വിചാരണ പോലും നടത്താതെ വെറുതെ വിട്ടതിന് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കാതെ സിബിഐ സമ്മര്‍ദ്ദത്തിന് വഴങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പൊലീസ് പതിനേഴ് ദിവസവും, ക്രൈംബ്രാഞ്ച് ഒമ്പതര മാസവും, അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ 1992 മെയ് പതിനെട്ടിന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരില്‍ കണ്ട് സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് ആണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
1993 മാര്‍ച്ച് 29 ന് കേസ്സ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡിവൈഎസ്പി വര്‍ഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിലാണ് സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളില്‍ തന്നെ കൊലപാതകമെന്ന് കണ്ട് എത്തി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സംഭവം ആത്മഹത്യയാക്കുവാന്‍ തന്നെ മേലുദ്യോഗസ്ഥന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വര്‍ഗ്ഗീസ് പി തോമസ് വാര്‍ത്താസമ്മേളനം നടത്തിയത്. തുടര്‍ന്ന് സിബിഐയില്‍ നിന്നും 1993 ഡിസംബര്‍ 31 ന് അദ്ദേഹം രാജിവച്ചു. വര്‍ഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സിബിഐ എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോന് പുത്തന്‍പുരയ്ക്കല്‍ 1994 മാര്‍ച്ച് 16 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേരളത്തിലെ ലോകസഭയിലെയും രാജ്യസഭയിലെയും 28 എംപിമാര്‍ ഒപ്പിട്ട നിവേദനം 1994 ജൂണ്‍ 2 ന് സിബിഐ ഡയറക്ടര്‍ കെ വിജയ റാംറാവുവിന് നല്‍കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ എസ്പിയെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എംഎല്. ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടര്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ പ്രതികളെ പിടിക്കുവാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മൂന്ന് പ്രാവശ്യം നല്കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഇട്ടിരുന്നു. തുടര്‍ന്നാണ് 2007 മെയ് 9 നും, 18 നും സിബിഐ ഡയറക്ടര്‍ വിജയ് ശങ്കറിന് ജോമോന് പുത്തന്‍പുരയ്ക്കല്‍ നേരില്‍ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്പി ആര് എല്‍ അഗര്‍വാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സെപ്ഷ്യല്‍ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീടാണ് 2008 നവംബര്‍ 18 ന് മൂന്ന് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈ 17 ന് ആണ് ഈ മൂന്ന് പ്രതികള്‍ക്കെതിരെ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സിസ്റ്റര്‍ അഭയയുടെ ആന്തരീക അവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര് ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31 ന് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രണ്ടു പ്രതികളെയും വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
അഭയകേസില്‍ തെളിവ് നശിപ്പിച്ച കെ ടി മൈക്കിള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തുടരന്വേഷണം നടത്തുവാന്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് 2014 മാര്‍ച്ച് 19 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതി 2015 ജൂണ്‍ 27 ന് നല്‍കിയതിനെ തുടര്‍ന്നാണ് അഭയകേസ്സില് തെളിവ് നശിപ്പിച്ചതിന്റെ ഗൂഢാലോചന നടത്തിയതിനുള്ള കുറ്റത്തിന് ്രൈകം ബ്രാഞ്ച് എസ്പിയായിരുന്ന കെ ടി മൈക്കിളിനെ 4ാം പ്രതിയാക്കി സിബിഐ കോടതി കഴിഞ്ഞ ജനുവരി 22 ന് ഉത്തരവ് ഇട്ടിരുന്നു. ഇതിന് എതിരെ പ്രതി മൈക്കിള്‍ ഹൈക്കോടതിയില്‍ ഹാര്‍ജി നല്‍കിയിരിക്കുകയാണ്. ആദ്യം കേസ്സ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്ഐ വി വി അഗസ്റ്റിന്, ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവല്‍ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് ഇരുവരും മരിച്ച് പോയതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
ഇന്ന് സിസ്റ്റര്‍ അഭയ കൊലക്കേസ് കോടതി പരിഗണിക്കുമ്പോള്‍ ചില കൃസ്ത്യന്‍ സഭകളുടെ അകത്തളങ്ങളില്‍ നിന്നും ശാപവചനങ്ങള്‍ കൂടി ഉരുന്നുണ്ട്.
12-Feb-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ