മുഖ്യമന്ത്രിക്കെതിരായ വധഭീഷണി; ടീന ജോസിനെതിരെ കേസെടുത്ത് പൊലീസ്
അഡ്മിൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയുടെ പേരിൽ സുപ്രീം കോടതി അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സൈബർ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ബോംബെറിഞ്ഞ് തീര്‍ത്തുകളയണം എന്ന ഭീഷണിയിലാണ് നടപടി.
സമൂഹമധ്യത്തിൽ ലഹള സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് ടീന ജോസിനെതിരായ എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനായ കെ. ആർ. സുഭാഷ് ചന്ദ്രൻ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നൽകുന്ന കമൻ്റിട്ടത്.
ടീന ജോസിൻ്റെ വിവാദ കമൻ്റ് ഇപ്രകാരമായിരുന്നു:
“അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.” ഈ കമൻ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.