കർണാടക കോൺഗ്രസിലെ ആഭ്യന്തര കലഹം മുതലെടുത്ത് ബിജെപി
അഡ്മിൻ
കർണാടകയിൽ കോൺഗ്രസ് സർക്കാർ അഞ്ച് വർഷത്തെ ഭരണത്തിന്റെ പകുതി പിന്നിട്ടതോടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരത്തർക്കം രൂക്ഷമായതോടെ, ആശയക്കുഴപ്പത്തിന് പൂർണ്ണ വിരാമമിടാനുള്ള ഉത്തരവാദിത്തം സിദ്ധരാമയ്യ പാർട്ടി ഹൈക്കമാൻഡിനെ ഏൽപ്പിച്ചു.
അതേസമയം കോൺഗ്രസിലെ ആഭ്യന്തര കലഹം മുതലെടുത്ത് ബിജെപി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കർണാടക ബിജെപി യൂണിറ്റ് അവരുടെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിൽ ഒരു AI-സൃഷ്ടിച്ച വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത് ശിവകുമാറിനെ പരിഹസിച്ചു.
ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാർ ഓൺലൈനായി ഒരു “മുഖ്യമന്ത്രി കസേര” വാങ്ങാൻ ശ്രമിക്കുന്നതും, അത് കാർട്ടിൽ ചേർക്കാൻ ശ്രമിക്കുമ്പോൾ “സ്റ്റോക്ക് തീർന്നു” എന്ന സന്ദേശം കാണിക്കുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. “ഡി കെ ശിവകുമാർ ഇപ്പോൾ,” എന്ന അടിക്കുറിപ്പോടെയാണ് ബിജെപി ഈ വീഡിയോ പങ്കുവെച്ചത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുനേതാക്കളും തമ്മിൽ കടുത്ത മത്സരം നടന്നിരുന്നു. അന്ന് ‘റൊട്ടേഷൻ മുഖ്യമന്ത്രി ഫോർമുല’ (രണ്ടര വർഷത്തിനുശേഷം നേതൃമാറ്റം) അടിസ്ഥാനമാക്കി ഒത്തുതീർപ്പിലെത്തിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇരുനേതാക്കളും അത് തള്ളിയിരുന്നു.
അധികാരം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് മറുപടി പറഞ്ഞ സിദ്ധരാമയ്യ, പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനത്തിന് വിധേയമായി അഞ്ച് വർഷം മുഴുവൻ താൻ അധികാരത്തിൽ തുടരുമെന്ന് ആവർത്തിച്ചു. ചില എംഎൽഎമാർ ശിവകുമാറിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ” അവരെ പോകട്ടെ. എംഎൽഎമാർക്ക് സ്വാതന്ത്ര്യമുണ്ട്. ആത്യന്തികമായി, ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കേണ്ടത്” എന്ന് അദ്ദേഹം പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ പ്രതികരണം: തർക്കത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ മടിച്ച ശിവകുമാർ, ഈ വിഷയം താനും മറ്റ് അഞ്ചോ ആറോ പേരും തമ്മിലുള്ള “രഹസ്യ ഇടപാടാണി”തെന്ന് സൂചന നൽകി. “എന്നെ മുഖ്യമന്ത്രിയാക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ എന്റെ മനസ്സാക്ഷിയിൽ വിശ്വസിക്കുന്നു. പാർട്ടിക്ക് ഒരു തരത്തിലും നാണക്കേട് ഉണ്ടാക്കാനും അതിനെ ദുർബലപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ബജറ്റ് സിദ്ധരാമയ്യ അവതരിപ്പിക്കുമെന്നതിനെ സ്വാഗതം ചെയ്ത ഡി.കെ., 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പും 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമാക്കി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു.