ബി ജെ പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം സാമ്‌ന. ഇടഞ്ഞുനില്‍ക്കുന്ന ശിവസേനയുമായി ശാശ്വത സഖ്യത്തിനായി ബി ജെ പി ശ്രമം തുടരുന്നതിനിടെയാണ് ബി ജെ പിയേയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രമായ സാമ്‌ന രംഗത്തുവന്നത്.
വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയുമെന്ന് സാമ്‌ന പരിഹസിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാന്‍ കഴിഞ്ഞില്ല. അയോധ്യയില്‍ പോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല. ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ധാര്‍ഷ്ട്യമാണ് ബി ജെ പി നേതാക്കളില്‍ കാണുന്നതെന്ന ഒളിയമ്പിലൂടെ നരേന്ദ്രമോഡിയെയാണ് ശിവസേന കുത്തുന്നത്.
മുഖ്യമന്ത്രി ഫട്‌നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റില്‍ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നാണ്. എന്‍സിപി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബരാമതിയില്‍ പോലും ജയിക്കുമെന്നാണ് അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കില്‍ പാര്‍ട്ടിക്ക് 548 സീറ്റും ജയിക്കാന്‍ കഴിയും, മുഖപ്രസംഗം പരിഹസിക്കുന്നു.
റഫാല്‍ കരാറിനെ പുകഴ്ത്തുന്നവരൊക്കെ ദേശസ്‌നേഹികളും അതില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരുമാണ്. 24,000 അധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയില്‍ ഒഴിഞ്ഞുകിടക്കുന്നത്. കര്‍ഷകര്‍ എല്ലായിടത്തും പ്രതിഷേധത്തിലാണ്. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. സാമ്‌നയുടെ ഈ തുറന്നുപറച്ചില്‍ ബി ജെ പി നേതൃത്വത്തെ വല്ലാതെ വെട്ടിലാക്കിയിരിക്കുകയാണ്.