അടുത്ത കൊല്ലത്തെ പാഠപുസ‌്തകം വിതരണം ഇന്നുമുതൽ ; ഏപ്രിൽ 15നുള്ളിൽ എട്ടുവരെ ക്ലാസിലെ വിതരണം ചെയ്യും
അഡ്മിൻ
മധ്യവേനലവധിക്ക‌് ഒന്നരമാസംകൂടി ബാക്കിയുണ്ട‌്. പക്ഷെ, അടുത്ത വർഷത്തേക്കുള്ള പാഠപുസ‌്തകങ്ങൾ വിതരണത്തിന‌് റെഡി. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ പുസ‌്തകവിതരണം വ്യാഴാഴ‌്ച ആരംഭിക്കും. എറണാകുളം എസ‌്ആർവി സ‌്കൂളിൽ പകൽ 2.30ന‌് കേരള ബുക‌്സ‌് ആൻഡ‌് പബ്ലിക്കേഷൻസ‌് സൊസൈറ്റി (കെബിപിഎസ‌്) സിഎംഡി ഡോ. കെ കാർത്തിക‌് വിതരണോദ‌്ഘാടനം നിർവഹിക്കും. 3.25 കോടി പുസ‌്തകങ്ങളാണ‌് ആദ്യപാദത്തിൽ ആവശ്യമുള്ളത‌്. ഇതിൽ 1.49 കോടി പുസ‌്തകങ്ങൾ വിതരണത്തിനെത്തി. ആറുമുതൽ 10 വരെ ക്ലാസുകളിലെ പുസ‌്തകങ്ങളുടെ അച്ചടി 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഏപ്രിൽ 15നുള്ളിൽ എട്ടുവരെ ക്ലാസിലെ വിതരണം പൂർത്തിയാക്കും. പരീക്ഷാഫലം വന്നശേഷമാവും 9, 10 ക്ലാസുകളിലേത‌് വിതരണം ചെയ്യുക.
നാലുവർഷംമുമ്പ‌് ഓണം കഴിഞ്ഞിട്ടുപോലും കുട്ടികൾക്ക‌് പുസ‌്തകം കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ഓണംനേരത്തെ വന്നതിനാലാണ‌് പുസ‌്തകം എത്തിക്കാൻ കഴിയാതിരുന്നത‌് എന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ‌്ദുറബ്ബിന്റെ വിശദീകരണം. എൽഡിഎഫ‌് അധികാരത്തിലെത്തി മൂന്നു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ‌് സ‌്കൂൾ തുറക്കുന്നതിനുമുമ്പ‌് പാഠപുസ‌്തകങ്ങൾ നൽകുന്നത‌്. 2018ൽ മാർച്ചിൽത്തന്നെ വിതരണം പൂർത്തിയായി.
ഈ വർഷം 8, 9, 10 ക്ലാസുകളിലെ പാഠപുസ‌്തകങ്ങൾ മാറുന്നതിനാലാണ‌് വിതരണം ഏപ്രിലിലേക്ക‌് നീളുന്നത‌്. എട്ടിലെ ഐടിയും 9, 10 ക്ലാസുകളിലെ എല്ലാ പുസ‌്തകങ്ങളും മാറുന്നുണ്ട‌്. ഇവയുടെ അച്ചടിയും ഏറക്കുറെ പൂർത്തിയായി.