ഡിസ്‌ലേക്‌സിയ രോഗികളെ അപമാനിച്ച് മോദി.

ന്യൂദല്‍ഹി: ഡിസ്‌ലേക്‌സിയ രോഗികളെ പരിഹസിച്ച പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ ശനിയാഴ്ച രാത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെറാഡൂണിലെ യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡിസ്‌ലെക്‌സിയ വൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് സംസാരിച്ചത്. ഡിസ്ലെക്‌സിയ രോഗം ബാധിച്ച് പഠനവൈകല്യം നേരിടുന്ന കുട്ടികള്‍ക്ക് സാങ്കേതിക സഹായം നിര്‍ദേശിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

‘പഠനവൈകല്യം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിന് ഞങ്ങളുടെ പക്കല്‍ ആശയങ്ങളുണ്ട്. ഡിസ്ലെക്‌സിയ ഉള്ള കുട്ടികള്‍ക്ക് എഴുതാനും പഠിക്കാനുമുള്ള വേഗത കുറവായിരിക്കും, എന്നാല്‍ അവര്‍ ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവരും മികച്ച കഴിവുകളുള്ളവരുമാണ്. ‘താരേ സമീന്‍ പര്‍’ എന്ന സിനിമയിലെ പോലെ ചിലപ്പോൾ വരയ്ക്കാൻ കഴിവുള്ളയാളായിരിക്കും" , ഇങ്ങനെ ഒരു വിദ്യാര്‍ഥിനി പറഞ്ഞ് വരുന്നതിനിടെ പ്രധാനമന്ത്രി ഇടപെട്ടു. 40 മുതല്‍ 50 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ ആശയം ഉപകരിക്കുമോയെന്ന് ചോദിച്ച് മോദി ചിരിച്ചു, കൂടെ വിദ്യാര്‍ഥികളും ചിരിച്ചു. അത് സാധ്യമാണെന്നുള്ള വിദ്യാർഥിയുടെ മറുപടിക്ക് എന്നാൽ അങ്ങനെയുള്ള കുട്ടികളുടെ അമ്മമാർക്ക് സന്തോഷമാകും എന് പറഞ്ഞു വീണ്ടും പരിഹസിച്ചു. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.


രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പരിഹസിക്കാൻ വൈകല്യങ്ങളുള്ള കുട്ടികളെ അപമാനിച്ചുവെന്നാണ് വിമര്‍ശനം. മോദി വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നതെന്ന് ചിലർ ആരോപിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിയുടെ പ്രവൃത്തിക്കെതിരെ പ്രതിഷേധിച്ചു.

04-Mar-2019