തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് എം.കെ മുനീര്‍. മുസ്‌ലീം ലീഗും എസ്.ഡി.പി.ഐയും തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍വെച്ച് നടത്തിയ ചർച്ച വിവാദമായ പശ്ചാത്തലത്തിലാണ് മുനീറിന്റെ പ്രതികരണം. മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമായിരുന്നു എസ്.ഡി.പി.ഐ നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയത്. എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അബ്ദുള്‍ മജീദ് ഫൈസി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ സ്ഥിരീകരിച്ചുവെങ്കിലും എസ്.ഡി.പി.ഐയുമായി ഒരു ബന്ധവുമില്ലെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നുമായിരുന്നു ലീഗിന്റെ വിശദീകരണം. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഇരു വിഭാഗങ്ങളിലെയും നേതാക്കൾ കൊണ്ടോട്ടി തുറക്കലിലെ കെ.ടി.ഡി.സി ഹോട്ടലില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നത്തിനു പിന്നാലെയാണ് സംഭവം വിവാദമായത്. പൊന്നാനി ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചയായതെന്നാണ് സൂചന.