മഹാരാഷ്ട്ര : റാഫേൽ ഇടപാടിലെ ആദ്യ ഇര അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കരെന്നു എന്‍.സി.പി എം.എല്‍.എ ജീതേന്ദ്ര ഔഹാദ്. തിങ്കളാഴ്ച്ച താനെയിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരീക്കർ വിദ്യാഭാസമുള്ള വായന ശീലമുള്ള വ്യക്തിയായിരുന്നു. റാഫേൽ ഇടപാടുകൾ ശരിയായല്ല നടന്നതെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായിരുന്നു . അതുകൊണ്ടാണ് അദ്ദേഹം ഗോവക്ക് തിരികെ പോന്നത്. കഴിഞ്ഞ ഒന്നര വർഷമായി റാഫേൽ ഇടപാടുകളിലെ അഴിമതികളെക്കുറിച്ച് രാജ്യം ചർച്ച ചെയ്യുന്നുണ്ട്, എന്നാൽ എവിടെയും പരീക്കറിനെ കുറ്റപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തെ പരിചയമുള്ളവർക്ക് അദ്ദേഹം അഴിമതിക്കാരനല്ലയെന്നു അറിയാമായിരുന്നു . എന്നാൽ ഇടപാടുകളിൽ നടന്ന അഴിമതി അദ്ദേഹത്തെ തളർത്തി , സ്വന്തം രോഗത്തോട് പോലും അദ്ദേഹത്തിന് പൊരുതാനുള്ള ശക്തി ഇല്ലാതാക്കിയെന്ന് ജീതേന്ദ്ര ഔഹാദ് ആരോപിച്ചു.
ചില സുപ്രധാന വിഷയങ്ങൾ തന്റെമേൽ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് താന്‍ രാജിവെച്ച് ഗോവയിലേക്ക് വരാന്‍ കാരണമെന്ന് രാജിക്കു പിന്നാലെ പരീക്കര്‍ സമ്മതിച്ചിരുന്നു, ഡൽഹി തന്റെ പ്രവര്‍ത്തന മേഖലക്ക് യോജിച്ച സ്ഥലമല്ലായെന്നും അദ്ദേഹം പറഞ്ഞിരുന്നു.