മുരളീമനോഹര്‍ ജോഷി പാര്‍ടി നേതൃത്വത്തിനെതിരെ രംഗത്ത്.

കാൺപൂർ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് മുരളി മനോഹര്‍ ജോഷിയുടെ കത്ത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയെയും മത്സരരംഗത്തുനിന്നും ആദ്യമേതന്നെ മാറ്റിയിരുന്നു തുടർന്ന് രണ്ടു പേരെയും തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളിൽനിന്നും ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ചാണ് ജോഷി കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് കത്തെഴുതിയത്. സംഘടന ജനറല്‍ സെക്രട്ടറി റാം ലാല്‍ തന്നോട് മത്സര രംഗത്ത് നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടതായി കത്തിൽ അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും താൻ  മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ അറിയിച്ചു എന്നാണ് കത്തിൽപ്പറയുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് സ്വയം പിന്‍മാറുന്നതായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം, എന്നാൽ താൻ ഇത് അംഗീകരിക്കണമെങ്കിൽ അമിത് ഷാ നേരിട്ട് വന്നു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി കത്തിൽ പറയുന്നു .സ്ഥാപക നേതാക്കളെ അവഗണിച്ചതില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനും അമര്‍ഷമുണ്ടെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്‍.കെ.അദ്വാനിയോടും സ്വയം വിരമിക്കൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹവും ഉത്തരവാദിത്വപ്പെട്ടവര്‍ തന്നോട് സംസാരിക്കട്ടെഎന്നറിയിച്ചതായാണ് വിവരം. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

26-Mar-2019