അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ബി ഡി ജെ എസ് വിടുന്നു

തിരുവല്ല: പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് ഉപാധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പാർട്ടി വിടുന്നു. പാർട്ടിക്കുള്ളിൽ രണ്ടുതരം നീതിയാണ് നടക്കുന്നത്, അതിനാൽ തന്നെ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസിന് പാര്‍ട്ടിക്കുള്ളില്‍ തുല്യനീതി ഉറപ്പാക്കാനാകുന്നില്ല, മുന്നോക്കസംവരണം, ശബരിമല സ്ത്രീപ്രവേശനം എന്നീ വിഷയങ്ങളിലെ പാർട്ടിയുടെ നിലപാടുകളെ അംഗീകരിക്കാൻ  കഴിയില്ല . സജീവ രാഷ്ട്രീയത്തിൽനിന്നു തല്ക്കാലം മാറിനിൽക്കാനാണ്  തീരുമാനം , യോഗക്ഷേമ സഭയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും , അദ്ദേഹം പറഞ്ഞു .

ഏതാനും മാസങ്ങളായി ബിഡിജെഎസ് യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അക്കീരമണ്‍.തുടര്‍ന്നാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. രണ്ടയിരത്തിപ്പതിനാറിൽ ബി.ഡി.ജെ.എസ് രൂപീകരണം മുതല്‍ പാര്‍ട്ടിയില്‍ സജീവമായിരുന്ന അക്കീരമണ്‍ തിരുവല്ലയില്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

27-Mar-2019