കോടതിയില്‍ കയറി വോട്ട് ചോദിച്ച് കണ്ണന്താനം .

പറവൂർ: പറവൂര്‍ അഡീഷണന്‍ സബ് കോടതി മുറിയില്‍ കയറി വോട്ട് ചോദിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എതിരെ പരാതിക്കൊരുങ്ങി അഭിഭാഷക സംഘടന. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബാര്‍ അസോസിയേഷനിലെത്തിയ കണ്ണന്താനം വോട്ടഭ്യര്‍ഥിച്ച ശേഷം സമീപത്തുള്ള കോടതിമുറിയിലേക്ക് കയറുകയായിരുന്നു. പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ഈ സമയത്ത് ജഡ്ജി കോടതിക്ക് അകത്ത് വന്നിരുന്നില്ല. അഭിഭാഷകരും കേസിനായി എത്തിയ കക്ഷികളും കോടതി മുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥി കോടതി മുറിയില്‍ കയറിയതും വോട്ടഭ്യര്‍ത്ഥിച്ചതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം. കോടതിമുറിയിൽ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാർ അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
എന്നാൽ കോടതിയിൽ കയറിയതല്ലാതെ വോട്ടഭ്യർഥിച്ചില്ലെന്നാണ് കൂടെയുണ്ടായിരുന്ന ബിജെപി നേതാക്കൾ പറയുന്നത്.

29-Mar-2019