എസ്ഐടിക്ക് മൊഴി നൽകി നടൻ ജയറാം

ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടൻ ജയറാമിനെ ചെന്നൈയിലെ വസതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകളെക്കുറിച്ചും ജയറാം മൊഴി നൽകി. കേസിൽ ജയറാം സാക്ഷിയാകുമെന്നാണ് സൂചന.

ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും വിശ്വാസത്തിന്റെ പുറത്ത് അദ്ദേഹം പലതവണ തന്റെ വീട്ടിൽ പൂജകൾക്കായി എത്തിയിട്ടുണ്ടെന്നും ജയറാം അന്വേഷണസംഘത്തെ അറിയിച്ചു. കട്ടിളപാളി സ്മാർട്ട് ക്രിയേഷൻസിലെ പൂജയിലും, തുടർന്ന് വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയപ്പോഴും പോറ്റിയുടെ ക്ഷണമനുസരിച്ച് താൻ പങ്കെടുത്തിരുന്നു. എന്നാൽ ഇതിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്ക് അറിവില്ലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

30-Jan-2026