സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്
അഡ്മിൻ
കോൺഗ്രസ് നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പിൽ കടുത്ത അതൃപ്തി. വിഷയത്തിൽ അടിയന്തരമായി ഹൈ പവർ കമ്മിറ്റി നാളെ ചേരും. മുസ്ലീം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ അനുവദിക്കാമെങ്കിൽ തങ്ങൾക്കും അതിന് അവകാശമുണ്ടെന്ന നിലപാട് കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത്തവണയും പത്ത് സീറ്റുകൾ തന്നെ വേണമെന്ന ആവശ്യത്തിൽ നേതാക്കൾ ഉറച്ചുനിൽക്കുകയാണ്.
നാളെ കോട്ടയത്തെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ഹൈ പവർ കമ്മിറ്റി യോഗം നടക്കുക. സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ച വേണ്ടെന്നതാണ് നേതാക്കളുടെ പൊതുനിലപാട്. അതിനാൽ സീറ്റ് ചർച്ചകളാകും യോഗത്തിലെ പ്രധാന അജണ്ട.
ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങൾ ഏറ്റെടുത്ത് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ വലിയ വിജയം നേടാമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ പത്ത് സീറ്റുകൾ തന്നെ ആവശ്യപ്പെടുന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.