അമ്മയുടെ മർദ്ദനം കുട്ടി മരിച്ചു. അമ്മ അറസ്റ്റിൽ

അമ്മയുടെ മര്‍ദ്ദമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങി. രണ്ട് ദിവസമായി കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിരുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.

കുട്ടിയെ പൊള്ളലേല്‍പ്പിച്ചതും മര്‍ദ്ദിച്ചതും സ്വയമേ ചെയ്തതായിരുന്നുവെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞദിവസം പൊലീസില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു.

ബാലനീതി നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചട്ടുകം കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇവരുടെ അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അച്ഛന് സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. കുട്ടിയുടെ അച്ഛന്‍ ബംഗാള്‍ സ്വദേശിയും അമ്മ ജാര്‍ഖണ്ഡ് സ്വദേശിയുമാണ്. ഇവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് അറിയുന്നതിനായി കേരള പൊലീസ് ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ക്രൂരമായ മര്‍ദനമേറ്റ മൂന്ന് വയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തില്‍ തലയോട്ടിക്കും തലച്ചോറിനും കാര്യമായ പരിക്കേറ്റിരുന്നു.

19-Apr-2019