മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ വി ഡി സതീശൻ

നേമത്ത് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കണമെന്ന മന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണ്ടും നിരസിച്ചു. ശിവൻകുട്ടിയുടെ വെല്ലുവിളി സ്വീകരിക്കാൻ തനിക്ക് പ്രാപ്തിയില്ലെന്ന് സതീശൻ പ്രതികരിച്ചു. മന്ത്രിയുമായി ഏറ്റുമുട്ടാൻ താൻ ഇല്ലെന്നും, പറവൂരിലെ ബിജെപി ഡീലുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകാതിരിക്കുകയും ചെയ്തു.

നേമത്ത് മത്സരിക്കാൻ വി.ഡി. സതീശനെ മന്ത്രി വി. ശിവൻകുട്ടി നേരത്തെ വെല്ലുവിളിച്ചിരുന്നു. പ്രസംഗപീഠങ്ങളിൽ വാചകക്കസർത്ത് നടത്തുന്നതുകൊണ്ട് മാത്രം സംഘപരിവാർ വിരുദ്ധത തെളിയിക്കാനാകില്ലെന്നും, സംഘപരിവാർ രാഷ്ട്രീയത്തെ മുട്ടുകുത്തിക്കാൻ ആർജ്ജവമുണ്ടെങ്കിൽ നേമത്ത് മത്സരിക്കണമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി.

അതേസമയം, യഥാർത്ഥ പോരാട്ടം എങ്ങനെയാണെന്ന് നേമത്ത് നേരത്തെ കണ്ടതാണെന്നും, വി.ഡി. സതീശൻ മത്സരിച്ചാലും ഇല്ലെങ്കിലും നേമത്ത് അടച്ചിട്ട ബിജെപിയുടെ അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അനുവദിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി ആവർത്തിച്ചു.

31-Jan-2026