കേരളത്തിൽ എക്സൈസ് സേനയെ നവീകരിക്കാനും ശക്തിപ്പെടുത്താനും 134 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിതല തീരുമാനം. മന്ത്രി എം.ബി. രാജേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇത് സർക്കാരിന്റെ മുൻകാല ശ്രമങ്ങളുടെ തുടർച്ചയാണെന്നും എക്സൈസ് പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എക്സൈസ് സേനയിൽ ആകെ 5,600 അംഗങ്ങളുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സി വഴി 2,949 നിയമനങ്ങൾ നടന്നു. മുൻ സർക്കാർ 507 പുതിയ തസ്തികകൾ സൃഷ്ടിച്ചിരുന്നു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തികകൾ ചേർത്തിരുന്നു. ഇപ്പോൾ 134 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കാനുള്ള തീരുമാനം എടുത്തതായും മന്ത്രി അറിയിച്ചു.
എക്സൈസ് സേനയുടെ നവീകരണത്തിന് പുതിയ വാഹനങ്ങൾ അനുവദിക്കുകയും സൈബർ വിങ്ങിനെ ശക്തിപ്പെടുത്തുകയും ചെയ്തു. മയക്കുമരുന്ന് അടക്കമുള്ള ഗൗരവമുള്ള കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ ക്രൈം ബ്രാഞ്ച് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ശിക്ഷാനിരക്ക് 96.37% എന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിലവാരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.